
തിരുവനന്തപുരം: നെയ്യാറിൽ വീണ ചെരുപ്പ് എടുക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥി മുങ്ങിമരിച്ചു. ഓലത്താന്നി തെക്കേ നുള്ളിയോട് പത്മ നിവാസിൽ അയ്യപ്പൻ-പത്മ ദമ്പതികളുടെ മകൻ അമിതേഷ് രാജ് (14) ആണ് മരിച്ചത്. അരുമാനൂർ എം.വി. ഹയർ സെക്കൻഡറി സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു.
ഇന്നലെ വൈകിട്ട് നാലുമണിയോടെ ഓലത്താന്നി തണ്ടളം നാഗരാജ ക്ഷേത്ര കടവിലായിരുന്നു അപകടം. കുളിക്കാനിറങ്ങിയ സുഹൃത്തുക്കളെ വിളിക്കാൻ എത്തിയതായിരുന്നു അമിതേഷ്. ഇതിനിടെ ചെരുപ്പിലെ ചെളി കഴുകാനായി കടവിൽ ഇറങ്ങിയപ്പോൾ ഒരു ചെരുപ്പ് വെള്ളത്തിൽ വീണു. ആ ചെരുപ്പ് എടുത്ത് തിരികെ നീന്തുന്നതിനിടെ അമിതേഷ് പെട്ടെന്ന് വെള്ളത്തിൽ താഴ്ന്നുപോവുകയായിരുന്നു. അമിതേഷ് മുങ്ങിപ്പോകുന്നത് കണ്ട് ഒപ്പമുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കൾ വെള്ളത്തിൽ ചാടി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഉടൻ തന്നെ നാട്ടുകാരും അഗ്നിശമന സേനയും വിവരമറിഞ്ഞ് സ്ഥലത്തെത്തി.പൂവാർ പൊലീസും, നെയ്യാറ്റിൻകര-പൂവാർ ഫയർഫോഴ്സും, തിരുവനന്തപുരം സ്കൂബാ ടീമും സംയുക്തമായാണ് തിരച്ചിൽ നടത്തിയത്. ഏകദേശം രണ്ട് മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിൽ, അപകടസ്ഥലത്ത് നിന്നും 50 മീറ്റർ മാറി 10 മീറ്ററോളം താഴ്ചയിൽ നിന്നുമാണ് മൃതദേഹം കണ്ടെടുത്തത്. പൂവാർ പൊലീസ് സംഭവത്തിൽ കേസെടുത്തിട്ടുണ്ട്.