
കോഴിക്കോട്: വെള്ളിമാടുകുന്ന് ജെഡിടി ഇസ്‌ലാം കോളേജിലെ വോട്ടിംഗ് മെഷീൻ സൂക്ഷിപ്പ് കേന്ദ്രത്തിൽ സ്ട്രോങ്ങ് റൂം തുറന്നെന്ന പരാതിയുമായി യുഡിഎഫ്. കോഴിക്കോട് ജില്ലയിലെ ഏഴ് മണ്ഡലങ്ങളിലെ വോട്ടിംഗ് മെഷീനുകൾ സൂക്ഷിച്ചിരിക്കുന്ന ഇവിടെ സുരക്ഷാ വീഴ്ചയുണ്ടായെന്നാണ് ആരോപണം. എന്നാൽ തുറന്നത് സ്ട്രോങ്ങ് റൂമല്ലെന്നും പോളിംഗ് സാമഗ്രികൾ സൂക്ഷിച്ച മുറിയാണെന്നും വിശദീകരിച്ച് വരണാധികാരി രംഗത്തെത്തി.
വോട്ടെടുപ്പ് കഴിഞ്ഞ് യന്ത്രങ്ങൾ സീൽ ചെയ്ത് സൂക്ഷിച്ചിരിക്കുന്ന ജെഡിടിയിലെ കേന്ദ്രത്തിൽ ഇന്ന് രാവിലെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. സ്ട്രോങ്ങ് റൂം തുറന്നെന്ന വിവരമറിഞ്ഞ് യുഡിഎഫ് നേതാക്കളും പ്രവർത്തകരും സ്ഥലത്തെത്തി പ്രതിഷേധിച്ചു. എന്നാൽ വോട്ടിംഗ് മെഷീനുകൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ്ങ് റൂം പൂർണ്ണ സുരക്ഷിതമാണെന്ന് റിട്ടേണിംഗ് ഓഫീസർ വ്യക്തമാക്കി. പേരാമ്പ്ര നിയോജക മണ്ഡലത്തിലെ പോളിംഗുമായി ബന്ധപ്പെട്ട അധിക സാമഗ്രികൾ (Materials) സൂക്ഷിച്ചിരുന്ന മുറിയാണ് തുറന്നത്. പോളിംഗ് സാമഗ്രികളുടെ പരിശോധനയുടെ ഭാഗമായാണ് നടപടി. രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് മുറി തുറന്നത് എന്ന് വരണാധികാരി പറഞ്ഞു.
സാമഗ്രികൾ സൂക്ഷിക്കുന്ന റൂമും വോട്ടിംഗ് മെഷീനുകൾ സൂക്ഷിക്കുന്ന സ്ട്രോങ്ങ് റൂമും തമ്മിലുണ്ടായ ആശയക്കുഴപ്പമാണ് പരാതിക്ക് പിന്നിലെന്നാണ് ഉദ്യോഗസ്ഥരുടെ പ്രാഥമിക വിലയിരുത്തൽ. എന്നാൽ സുരക്ഷാ ക്രമീകരണങ്ങളിൽ വിട്ടുവീഴ്ചയുണ്ടാകാൻ പാടില്ലെന്ന് യുഡിഎഫ് പ്രതിനിധികൾ ആവശ്യപ്പെട്ടു. സംഭവത്തെത്തുടർന്ന് രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ നിലവിൽ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്