
സംസ്ഥാനത്തെ ഉത്സവപ്പറമ്പുകളിലും ആഘോഷവേദികളിലും ഹരമായി മാറാറുള്ള ഡി.ജെ വാഹനങ്ങൾക്ക് ഇനി കഷ്ടകാലം. നിയമവിരുദ്ധമായി രൂപമാറ്റം വരുത്തി നിരത്തിലിറങ്ങുന്ന ഇത്തരം വാഹനങ്ങൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് നടപടി കർശനമാക്കി. ലൈറ്റുകളും ശബ്ദസംവിധാനങ്ങളും അമിതമായി ഘടിപ്പിച്ച വാഹനങ്ങളെ കാത്തിരിക്കുന്നത് വൻ തുകയുടെ പിഴയാണ്.
കണ്ണഞ്ചിപ്പിക്കുന്ന എൽ.ഇ.ഡി ലൈറ്റുകൾ, പ്രകമ്പനം കൊള്ളിക്കുന്ന റാപ്പ് മ്യൂസിക്, 25 മുതൽ 35 വരെ സൗണ്ട് ബോക്‌സുകൾ—ഇതാണ് ഇന്നത്തെ ഡി.ജെ വാഹനങ്ങളുടെ പൊതുരൂപം. എന്നാൽ ഇത്തരം രൂപമാറ്റങ്ങൾ വൻ സുരക്ഷാ ഭീഷണിയാണ് ഉയർത്തുന്നത്. ഈ സാഹചര്യത്തിലാണ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം പരിശോധന ശക്തമാക്കിയത്.
പരിപാടികൾ നടക്കുന്ന സ്ഥലത്ത് വെച്ച് വാഹനങ്ങൾ പിടികൂടില്ല എന്നതാണ് അധികൃതരുടെ തീരുമാനം. പകരം, പരിപാടിക്ക് പോകുമ്പോഴോ തിരികെ വരുമ്പോഴോ വെച്ച് വാഹനം തടയുകയും കനത്ത പിഴ ഈടാക്കുകയും ചെയ്യും. പോലീസിന്റെ സഹകരണത്തോടെയാണ് മോട്ടോർ വാഹന വകുപ്പിന്റെ ഈ മിന്നൽ നീക്കം.
നിയമവിരുദ്ധമായ രൂപമാറ്റത്തിന് ഉടമ കനത്ത തുക പിഴയായി നൽകണം. പിഴ ഒടുക്കുന്നത് കൂടാതെ, വാഹനത്തിലെ അനധികൃത ലൈറ്റുകളും സൗണ്ട് ബോക്സുകളും നീക്കം ചെയ്ത് വാഹനം പഴയപടിയാക്കി എം.വി.ഡി ഓഫീസിൽ ഹാജരാക്കണം. പല ഡി.ജെ വാഹനങ്ങൾക്കും കൃത്യമായ പെർമിറ്റ് പോലുമില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇത്തരം വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികളിലേക്ക് അധികൃതർ കടക്കും. ഏന്നിവയാണ് പ്രധാന നടപടികൾ.
മറ്റു വാഹനയാത്രികരുടെ ശ്രദ്ധ തിരിക്കുന്ന ലൈറ്റുകളും പരിധിവിട്ട ശബ്ദ മലിനീകരണവും അനുവദിക്കാനാവില്ലെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ നിലപാട്. നിയമം ലംഘിച്ച് രൂപമാറ്റം വരുത്തിയ വാഹനങ്ങൾക്കായി വരും ദിവസങ്ങളിൽ സംസ്ഥാനവ്യാപകമായി പരിശോധന തുടരും