വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് പാലക്കാട് ബിജെപിയെ പ്രതിരോധത്തിലാക്കി വോട്ടിന് നോട്ട് ആരോപണം ഉയര്‍ന്നത്. ബിജെപി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ പണവും സാരിയും നല്‍കി വോട്ടർമാരെ സ്വാധീനിക്കാന്‍ ശ്രമിച്ച ദൃശ്യങ്ങള്‍ കോൺഗ്രസ് പുറത്ത് വിടുകയായിരുന്നു. കണ്ണാടി പഞ്ചായത്തിലെ തരുവാക്കുറിശ്ശിയിലാണ് ശോഭാ സുരേന്ദ്രന്റെ നേതൃത്വത്തില്‍ ബിജെപി പ്രവർത്തകരെത്തിയത്. ദേവു എന്ന വയോധികയ്ക്ക് ശോഭയ്ക്കൊപ്പമെത്തിയ യുവതി പണം കൈമാറിയതെന്നായിരുന്നു കോണ്‍ഗ്രസിന്‍റെ ആരോപണം. പണം കിട്ടിയതായി ആദ്യം സ്ഥീരീകരിച്ച വയോധിക പിന്നീട് അത് തിരുത്തകയും ചെയ്തു. ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ശോഭയും കൂട്ടരും അപകടം തിരിച്ചറിഞ്ഞ് കോൺഗ്രസ് പ്രവർത്തകരോട് ക്ഷോഭിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.