കവടിയാർ കൊട്ടാരത്തിൽ മോഷണം… കൊട്ടാരത്തിന് അകത്ത് നിന്ന് സഹായം ലഭിച്ചെന്നാണ് പോലീസ് നിഗമനം


തിരുവനന്തപുരം: കവടിയാർ കൊട്ടാരത്തിൽ നിന്ന് രണ്ട് കോടി രൂപയോളം വിലമതിക്കുന്ന പൗരാണിക ആഭരണങ്ങൾ മോഷണം പോയ സംഭവത്തിൽ അന്വേഷണം നിർണ്ണായക ഘട്ടത്തിലേക്ക്. കൊട്ടാരത്തിന് അകത്തുള്ളവരുടെ സഹായമില്ലാതെ ഇത്രയും വലിയ മോഷണം നടക്കില്ലെന്ന നിഗമനത്തിലാണ് പോലീസ്. സംഭവത്തിൽ കൊട്ടാരത്തിലെ ജീവനക്കാർ, സ്ഥിരം സന്ദർശകർ, യൂട്യൂബർമാർ എന്നിവരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

Geographic Reference

അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിബായിയുടെ കിടപ്പുമുറിയിലെ ഇരുമ്പ് അലമാരയുടെ ലോക്കറിൽ നിന്നാണ് വജ്രാഭരണങ്ങളും പൗരാണിക സ്വർണ്ണ ശേഖരവും നഷ്ടപ്പെട്ടത്. ശ്രീചിത്തിര തിരുനാൾ ബാലരാമവർമ്മ സമ്മാനിച്ച അപൂർവ്വ ആഭരണങ്ങളും ഇതിൽ ഉൾപ്പെടുന്നു. കനത്ത സുരക്ഷയും സിസിടിവി സംവിധാനവുമുള്ള കൊട്ടാരത്തിന്റെ രണ്ടാം നിലയിലെ ലോക്കറിനെക്കുറിച്ച് വ്യക്തമായ ധാരണയുള്ള ഒരാളാണ് മോഷണത്തിന് പിന്നിലെന്ന് പോലീസ് കരുതുന്നു. പുറത്തുനിന്നുള്ള ഒരാൾക്ക് കൊട്ടാരത്തിനകത്ത് കടന്ന് മോഷണം നടത്തുക അസാധ്യമാണെന്നാണ് വിലയിരുത്തൽ.

സിറ്റി ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം കൊട്ടാരത്തിലെത്തി രാജകുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തി. 40-ലധികം ജീവനക്കാരെയും സന്ദർശകരെയും പോലീസ് നിരീക്ഷിച്ചുവരികയാണ്. 2025 നവംബറിൽ ബെംഗളൂരുവിലേക്ക് പോകുന്നതിന് മുൻപ് അലമാര തുറന്നപ്പോഴാണ് ആഭരണം നഷ്ടപ്പെട്ട വിവരം ശ്രദ്ധയിൽപ്പെട്ടതെന്ന് ഗൗരി ലക്ഷ്മിബായി പോലീസിനോട് പറഞ്ഞു. നിലവിൽ കണ്ടോൺമെന്റ് എസിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. കൊട്ടാരത്തിലെ ശേഷിക്കുന്ന ആഭരണങ്ങൾ പോലീസിന്റെ നിർദ്ദേശപ്രകാരം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്.

Previous Post Next Post