മണ്ഡലപുനര്‍നിര്‍ണയ ബിൽ…. കേരളം പോലുള്ള സംസ്ഥാനങ്ങള്‍ക്ക് ആഘാതമുണ്ടാക്കും… മുഖ്യമന്ത്രി പിണറായി വിജയൻ…


തിരുവനന്തപുരം: മണ്ഡല പുനര്‍നിര്‍ണയം എന്ന പേരില്‍ കേന്ദ്ര സര്‍ക്കാര്‍ ധൃതിയില്‍ നടത്താന്‍ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്‌കാരം എന്ന നിലയില്‍ ചുരുക്കി കാണാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തെ തന്നെ അട്ടിമറിക്കാനുള്ള നീക്കമാണെന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ അവതരിപ്പിക്കപ്പെടുന്ന ബില്ലും 2011 ലെ സെന്‍സസ് അടിസ്ഥാനമാക്കി മുന്നോട്ടുവെക്കുന്ന അതിലെ നിര്‍ദ്ദേശങ്ങളും സംസ്ഥാനങ്ങളുടെ അവകാശങ്ങളെയും തുല്യനീതിയേയും സാരമായി ബാധിക്കുന്നതാണ്. സംസ്ഥാനങ്ങളുമായി സമവായത്തില്‍ എത്താതെയാണ് ഇത്തരം നിര്‍ണായക വിഷയത്തില്‍ കേന്ദ്രം മുന്നോട്ട് പോകുന്നത് എന്നതുതന്നെ ആശങ്കാജനകമാണ്.

Tourist Destinations

ജനസംഖ്യയുടെ പേരില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ ആധിപത്യം ലോക്‌സഭ സീറ്റുകളാക്കി മാറ്റി അധികാരം ദീര്‍ഘകാലത്തേക്ക് ഉറപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന സംശയം വ്യാപകമാണ്. ഇതിന്റെ നേരിട്ടുള്ള ആഘാതം കേരളം പോലുള്ള സംസ്ഥാനങ്ങള്‍ക്കാണ്. ജനസംഖ്യ നിയന്ത്രണത്തിലും വിദ്യാഭ്യാസം, ആരോഗ്യം, സ്ത്രീശാക്തീകരണം തുടങ്ങിയ മേഖലകളിലും മുന്നേറി ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിച്ച സംസ്ഥാനങ്ങള്‍ ശിക്ഷിക്കപ്പെടുന്ന അവസ്ഥയാണ്. കുറഞ്ഞ പ്രാതിനിധ്യവും കുറഞ്ഞ വിഹിതവും എന്നത് ഒരു ന്യായമായ ഫെഡറല്‍ ക്രമമല്ല. ”ജനസംഖ്യ നിയന്ത്രിച്ചാല്‍ നഷ്ടം, നിയന്ത്രിക്കാതെയിരുന്നാല്‍ നേട്ടം” എന്ന സന്ദേശം രാജ്യത്തിന്റെജനാധിപത്യത്തിന്റെ ദിശയായി മാറുന്നത് അപകടകരമാണ്

أحدث أقدم