ന്യൂയോർക്ക് ': ലൂസിഫർ' എന്ന്
സ്വയം വിശേഷിപ്പിച്ചു കൊണ്ടു ന്യൂയോർക്കിലെ തിരക്കേറിയ ഗ്രാൻഡ് സെൻട്രൽ സബ് വേ സ്റ്റേഷനിൽ അക്രമണം അഴിച്ചുവിട്ട യുവാവിനെ പൊലീസ് വധിച്ചു. ശനിയാഴ്ച രാവിലെയാണ് സംഭവം. ആന്തണി ഗ്രിഫിൻ (44) എന്നയാളാണ് കൊല്ലപ്പെട്ടത്.
ഗ്രാൻഡ് സെൻട്രൽ സബ് വേ സ്റ്റേഷനിൽ യാത്രക്കാരെ കയ്യിലുള്ള ആയുധം ഉപയോഗിച്ച് ഇയാൾ വെട്ടിപ്പരുക്കേൽപ്പുകയായിരുന്നു. 84-ഉം 65-ഉം വയസ്സുള്ള പുരുഷന്മാർക്കും 70 വയസ്സുള്ള സ്ത്രീക്കുമാണ് പരുക്കേറ്റത്. സ്ഥലത്തെത്തിയ പൊലീസ് ആയുധം താഴെയിടാൻ 20 തവണ ആവശ്യപ്പെട്ടെങ്കിലും ഇയാൾ വഴങ്ങിയില്ല. സ്വയം 'ലൂസിഫർ' എന്ന് വിശേഷിപ്പിച്ചുകൊണ്ട് അക്രമി പൊലീസിന് നേരെ അടുത്തതോടെയാണ് ഇയാൾക്ക് നേരെ പൊലീസ് വെടിയുതിർത്തത്.
അക്രമിക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് പൊലീസ് കമ്മീഷണർ ജെസിക്ക ടിഷ് അറിയിച്ചു. പൊലീസിന്റെ സമയോചിതമായ ഇടപെടലിനെ ന്യൂയോർക്ക് ഗവർണർ കാത്തി ഹോച്ചുൾ പ്രശംസിച്ചു.