
കല്പറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കുള്ള ഉപജീവന ബത്ത സർക്കാർ അനുവദിച്ചു. ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിലെ തുകയാണ് ഇപ്പോൾ അനുവദിച്ചിരിക്കുന്നത്. ദുരന്തനിവാരണ വകുപ്പ് 3,19,95,000 രൂപ വയനാട് ജില്ലാ കളക്ടറുടെ അക്കൗണ്ടിലേക്ക് കൈമാറി.
ദുരന്തത്തിൽ ഉപജീവനമാർഗം നഷ്ടപ്പെട്ട കുടുംബങ്ങൾക്കും നിലവിൽ ക്യാമ്പുകളിലും വാടക വീടുകളിലും കഴിയുന്നവർക്കുമാണ് ഈ ബത്ത ലഭിക്കുക. ഒരാൾക്ക് പ്രതിദിനം 300 രൂപ നിരക്കിലാണ് ഉപജീവന ബത്ത കണക്കാക്കുന്നത്. ജൂൺ മാസം വരെയുള്ള ബത്ത നൽകിയ ശേഷം ദുരന്തബാധിതരെ പൂർണ്ണമായി പുനരധിവസിപ്പിക്കാനാണ് സർക്കാരിന്റെ നീക്കംഅനുവദിച്ച തുക എത്രയും വേഗം അർഹരായ ദുരന്തബാധിതരുടെ കൈകളിലേക്ക് എത്തിക്കണമെന്ന് സർക്കാർ വയനാട് ജില്ലാ കളക്ടർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. നേരത്തെ പ്രഖ്യാപിച്ച പ്രകാരം കൃത്യസമയത്ത് തന്നെ തുക അനുവദിച്ചത് ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് വലിയ ആശ്വാസമാകും. ജൂൺ മാസത്തോടെ പുനരധിവാസ നടപടികൾ പൂർത്തിയാക്കുമെന്ന സർക്കാരിന്റെ പ്രഖ്യാപനം നിലനിൽക്കെയാണ് ഇപ്പോൾ മൂന്ന് മാസത്തെ തുക ഒന്നിച്ച് അനുവദിച്ചിരിക്കുന്നത്.