അമ്മ ക്ഷേത്രദർശനത്തിന് പോയ സമയം വീടിനുള്ളിൽ അതിക്രമിച്ചു കയറി 11കാരിയെ പീഡിപ്പിച്ചു…. 63കാരന്…


അമ്മ ക്ഷേത്രദർശനത്തിന് പോയ സമയം വീട്ടിനുള്ളിൽ അതിക്രമിച്ചു കയറി ഉറങ്ങിക്കിടക്കുകയായിരുന്ന 11 വയസുകാരിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസിൽ 63കാരനായ പ്രതിക്ക് 30 വർഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. പിഴ അടച്ചില്ലെങ്കിൽ ആറുമാസം അധിക തടവ് അനുഭവിക്കണം. മയിലാട്ടി, പനയാൽ ഗ്രാമത്തിലെ കുറുക്കൻകുന്ന് കോളനിയിൽ താമസിക്കുന്ന മധുസൂദനൻ നായരെയാണ് (63) ഹോസ്ദുർഗ് പോക്സോ സ്പെഷ്യൽ കോടതി ജഡ്ജി സുരേഷ് ശിക്ഷിച്ചത്.

2023 മേയ് 25നായിരുന്നു കേസിനാസ്പദമായ സംഭവം. ചീമേനി പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 11 വയസ്സുകാരിയുടെ അമ്മ ക്ഷേത്രദർശനത്തിന് പോയ സമയത്ത്, പെൺകുട്ടിയും അനുജനും വീട്ടിനുള്ളിൽ ഉറങ്ങിക്കിടക്കുമ്പോഴാണ് പ്രതി അതിക്രമിച്ചു കയറി കുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയത്. പോക്സോ വകുപ്പുകൾ പ്രകാരമാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. ചീമേനി സബ് ഇൻസ്‌പെക്ടറായിരുന്ന അജിതയാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഗംഗാധരൻ ഹാജരായി.
أحدث أقدم