പ്ലസ് ടു ഫലം: വിജയത്തിൽ ചരിത്ര മുന്നേറ്റവുമായി പെൺകുട്ടികൾ….. 1200-ൽ 1200 മാർക്ക് നേടിയ 60-ൽ 50 പേരും പെൺകുട്ടികൾ


സംസ്ഥാനത്ത് 2026 മാർച്ചിൽ നടന്ന ഹയർ സെക്കൻഡറി പരീക്ഷയുടെ വിശദമായ ഫലവിവരങ്ങൾ വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ ഔദ്യോഗികമായി പുറത്തുവിട്ടു. ഇത്തവണ 77.97 ശതമാനമാണ് സംസ്ഥാനത്തെ ആകെ വിജയം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് (77.81%) വിജയശതമാനത്തിൽ 0.16% നേരിയ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ 1,990 സ്കൂളുകളിലായി പരീക്ഷ എഴുതിയവരിൽ ആകെ 2,90,398 വിദ്യാർത്ഥികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്.

ഇത്തവണത്തെ പരീക്ഷാഫലത്തിൽ ആൺകുട്ടികളേക്കാൾ ബഹുദൂരം മുന്നിലാണ് പെൺകുട്ടികൾ. ഫലപ്രഖ്യാപന വേളയിൽ പെൺകുട്ടികളുടെ ഈ മികച്ച മുന്നേറ്റത്തെ മന്ത്രി പ്രത്യേകമായി അഭിനന്ദിച്ചു. 86.89% ആണ് പെൺകുട്ടികളുടെ വിജയം. 68.41% (കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 0.03% കുറവ്) ആണ് ആൺകുട്ടികളുടെ വിജയം. 1200-ൽ 1200 മാർക്കും നേടി ചരിത്രവിജയം സ്വന്തമാക്കിയ 60 വിദ്യാർത്ഥികളിൽ 50 പേരും പെൺകുട്ടികളാണ്കഴിഞ്ഞ വർഷം ഇത് 41 പേർ മാത്രമായിരുന്നു. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരുടെ എണ്ണം ഇത്തവണ 30,561 ആയി വർധിച്ചു. കഴിഞ്ഞ വർഷത്തേക്കാൾ 416 കുട്ടികളാണ് ഇത്തവണ ഈ നേട്ടം അധികമായി സ്വന്തമാക്കിയത്. സയൻസ്, കൊമേഴ്സ് വിഭാഗങ്ങളിൽ വിജയശതമാനം ഉയർന്നപ്പോൾ ഹ്യുമാനിറ്റീസ് വിഭാഗത്തിൽ ഇത്തവണ ഏകദേശം മൂന്ന് ശതമാനത്തോളം കുറവ് രേഖപ്പെടുത്തി.

Previous Post Next Post