
മൂവാറ്റുപുഴയിൽ വയോധികയുടെ വായിൽ തുണി തിരുകി സ്വർണാഭരണങ്ങൾ കവർന്ന കേസിൽ പ്രതികൾ പിടിയിൽ. തമിഴ്‌നാട് മധുര സിന്ധുപ്പാട്ടിയിൽ സെംപാട്ടി സ്വദേശി ഭഗത്ത് സുധ ശങ്കർ, ദിണ്ടുഗൽ മലയഗൗഡൻപാട്ടി പൊട്ടിക്കളം ഭാഗത്ത് ലക്ഷ്‌മി എന്നിവരാണ് അറസ്റ്റിൽ ആയത്. പൂമ്മറ്റത്തിൽ മറിയാമ്മയെയാണ് ആക്രമിച്ചത്.
12 പവൻ മോഷണം പോയെന്നായിരുന്നു പരാതി.വയോധികയുടെ വായിൽ തുണി തിരുകി ശബ്‌ദം പുറത്തുവരാത്ത രീതിയിലാക്കിയ ശേഷമാണ് കയ്യിലും കഴുത്തിലും കിടന്ന സ്വർണാഭരണങ്ങൾ കവർന്നത്. കവർച്ചയ്ക്ക് ശേഷം തമിഴ്‌നാട് സ്വദേശിയായ വീട്ടുവേലക്കാരിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തിരുന്നു.
കവർച്ച നടക്കുമ്പോൾ വയോധിക കിടപ്പുമുറിയിൽ വിശ്രമിക്കുകയായിരുന്നു. പെട്ടെന്ന് കണ്ണുതുറക്കുമ്പോൾ അജ്ഞാതനായ മോഷ്‌ടാവ് തൻ്റെ കിടക്കയിൽ ഇരുന്ന് കയ്യിലുള്ള വളകൾ ഓരോന്നായി ഊരിയെടുക്കുന്നതാണ് കണ്ടതെന്ന് മറിയാമ്മ പറഞ്ഞു.
ബഹളം വെക്കാൻ ശ്രമിച്ചെങ്കിലും അക്രമി ഇവരുടെ വായിൽ തുണി തിരുകി ശബ്‌ദമുയർത്താൻ കഴിഞ്ഞില്ല. കയ്യിലെ വളകൾ ഊരുന്നതിനിടയിലാണ് കഴുത്തിൽ കിടന്ന മാല മോഷ്‌ടാവിൻ്റെ ശ്രദ്ധയിൽപെട്ടത്. തുടർന്ന് ഇയാൾ മാലയും ബലമായി ഊരിയെടുത്തു. ഒരു കയ്യിലെ മൂന്ന് വളകളും മറ്റേ കയ്യിലെ ഒരു വളയും കഴുത്തിലെ മാലയും ഉൾപ്പെടെ ആകെ 12 പവനിലധികം തൂക്കം വരുന്ന സ്വർണാഭരണങ്ങളാണ് അപഹരിച്ചത്.
ഇതിനിടയിൽ, മുറിയിലേക്ക് വന്ന തമിഴ്‌നാട് സ്വദേശിയായ വേലക്കാരിയെ മോഷ്‌ടാവ് മർദിക്കുകയും, തുടർന്ന് ഇവരെ മറ്റൊരു മുറിയിലാക്കി പുറത്തുനിന്ന് പൂട്ടിയിടുകയും ചെയ്‌തു. കവർച്ചയ്ക്ക് ശേഷം പ്രതി വേഗത്തിൽ സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടു. അക്രമി പോയതിനു ശേഷമാണ് മറിയാമ്മയും വേലക്കാരിയും ചേർന്ന് ബഹളം വെച്ചതും നാട്ടുകാരെ വിവരമറിയിച്ചതും.