സ്വന്തം സ്ഥാപനത്തേക്കാൾ ലാഭം കൂടുന്നതിൽ അസൂയ…തലയിണ കമ്പനിയ്ക്ക് തീവെച്ചു, നഷ്ടം 17 ലക്ഷത്തോളം രൂപ


കൊച്ചി: തലയിണ കമ്പനി തീവച്ച് നശിപ്പിച്ച കേസിൽ ഒരാൾ പിടിയിൽ. പെരുമ്പാവൂർ മുടിക്കൽ എല്ലുംവിളയിൽ വീട്ടിൽ സിദ്ദിഖിനെ(39)യാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. മാർച്ച് 21നായിരുന്നു സംഭവം. മുടിക്കൽ മൗലൂദ് പുരയ്ക്ക് സമീപമുള്ള തലയണ കമ്പനിയാണ് തീ വെച്ച് നശിപ്പിച്ചത്. 17 ലക്ഷത്തോളം രൂപ നഷ്ടമുണ്ടായതായി കണക്കാക്കുന്നു.

തന്റെ സ്ഥാപനത്തേക്കാൾ ലാഭത്തിൽ പ്രസ്തുത സ്ഥാപനം പ്രവർത്തിക്കുന്നു എന്ന വിരോധത്താലാണ് തീവെച്ചതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. പ്രതിയുടെ ഇരുചക്രവാഹനം കേടാണെന്ന് കളവ് പറഞ്ഞ് അയൽവാസിയിൽ നിന്നും തത്ക്കാലത്തേക്ക് വാങ്ങിയ ബൈക്കുമായിട്ടാണ് കമ്പനി കത്തിക്കാൻ പോയത്. ദൃശ്യങ്ങൾ അടക്കം പരിശോധിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിന് ഒടുവിലാണ് പ്രതി പൊലീസിന്റെ പിടിയിലായത്.റൂറൽ ജില്ലാ പൊലീസ് മേധാവി കെ.എസ് സുദർശൻ്റെ നിർദ്ദേശാനുസരണം പെരുമ്പാവൂർ എഎസ്പി ഹർദ്ദിക് മീണയുടെ നേതൃത്വത്തിൽ രൂപീകരിച്ച അന്വേഷണ സംഘത്തിൽ പെരുമ്പാവൂർ ഇൻസ്പെക്ടർ എൽ അനിൽകുമാർ, എസ്ഐ മാരായ പ്രവീൺ പ്രകാശ്, ജോജോ ജോർജ്, എസ്എൽ അർജുൻ, അബ്ദുൾ ജലീൽ, എഎസ്ഐമാരായ രതീശൻ, സുബൈർ എംബി, സിപിഒമാരായ നജ്മി, സിബിൻ എന്നിവരാണുണ്ടായിരുന്നത്.

Previous Post Next Post