266 ദിവസത്തെ സമരം, ഒടുവിൽ ഭരണമാറ്റം…. ആശമാരുടെ അവഗണനയ്ക്ക് ജനങ്ങൾ നൽകിയ മറുപടിയെന്ന് സംഘടന


തിരുവനന്തപുരം: ആശ വർക്കർമാർ ഉൾപ്പെടെയുള്ള തൊഴിലാളി വിഭാഗങ്ങളോട് പിണറായി സർക്കാർ കാട്ടിയ ജനാധിപത്യവിരുദ്ധമായ നിലപാടിനുള്ള ജനങ്ങളുടെ പ്രതിഷേധമാണ് തിരഞ്ഞെടുപ്പ് ഫലമെന്ന് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ. തൊഴിലാളികളെ ദ്രോഹിച്ച സർക്കാരിനെ അധികാരത്തിൽ നിന്ന് പുറത്താക്കിയ ജനങ്ങൾക്ക് അസോസിയേഷൻ നന്ദി അറിയിച്ചു.

Geographic Reference

പ്രതിദിന വേതനം 700 രൂപയാക്കുക, അഞ്ച് ലക്ഷം രൂപ വിരമിക്കൽ ആനുകൂല്യം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് 266 ദിവസമാണ് സ്ത്രീ തൊഴിലാളികൾ സെക്രട്ടേറിയറ്റ് പടിക്കൽ സമരം ചെയ്തത്. എന്നാൽ ഈ സമരത്തെ അനുഭാവപൂർവ്വം പരിഗണിക്കുന്നതിന് പകരം സർക്കാർ അവഹേളിക്കുകയാണ് ചെയ്തതെന്ന് അസോസിയേഷൻ കുറ്റപ്പെടുത്തി. 2025-ലെ സംസ്ഥാന ബജറ്റിൽ ആശമാരുടെ ആനുകൂല്യങ്ങളെക്കുറിച്ച് യാതൊരു പ്രഖ്യാപനവും നടത്താതിരുന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതിനെത്തുടർന്നാണ് അനിശ്ചിതകാല സമരം ആരംഭിച്ചത്. ജനങ്ങളെ വിസ്മരിച്ച് പ്രവർത്തിക്കുന്ന ഏതൊരു ഗവൺമെന്റിനും ഈ ജനവിധി ഒരു വലിയ പാഠമാണ്. കക്ഷിരാഷ്ട്രീയത്തിന് അതീതമായി ആശമാർ നടത്തിയ പോരാട്ടത്തിന് ജനങ്ങൾ നൽകിയ പിന്തുണ ഭരണകക്ഷിയുടെ അടിവേര് ഇളക്കിയതായും അവർ പറഞ്ഞു.സെക്രട്ടേറിയറ്റിന് മുന്നിൽ നടന്ന ആശമാരുടെ സമരം അന്താരാഷ്ട്ര തലത്തിൽ പോലും ചർച്ച ചെയ്യപ്പെട്ടിരുന്നു. എന്നിട്ടും പ്രതികാര മനോഭാവത്തോടെയാണ് സർക്കാർ ഇടപെട്ടത്. തുടർന്നും തങ്ങളുടെ അവകാശങ്ങൾക്കായി അതിശക്തമായ പോരാട്ടങ്ങൾ തുടരുമെന്നും എല്ലാ വിഭാഗം ജനങ്ങളും ഇതിന് പിന്തുണ നൽകണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.

أحدث أقدم