
ജോലിക്ക് എത്തിയ സ്ത്രീയെ കഴുത്തിന് അടിച്ചും മർദ്ദിച്ചും കൊലപ്പെടുത്താൻ ശ്രമിച്ച മലയാളി യുവാവിനെതിരെ പരാതി. ബംഗളൂരുവിൽ നായകൾക്കായി ഷെൽട്ടർ ഹോം നടത്തുന്ന ദീപക് കൃഷ്ണൻ ആണ് വാടാനപ്പള്ളി സ്വദേശിനി സുനിതയെ മർദ്ദിച്ചത്. നിലവിൽ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിയുന്ന സുനിതയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.
മാസം 40,000 രൂപ ശമ്പളം വാഗ്ദാനം ചെയ്താണ് ദീപക് സുനിതയെ ജോലിക്കായി വിളിച്ചത്. എന്നാൽ ഇയാളുടെ മദ്യപാനവും മോശം പെരുമാറ്റവും കാരണം ജോലി ഉപേക്ഷിച്ചു പോകുമെന്ന് പറഞ്ഞതാണ് ദീപക്കിനെ പ്രകോപിപ്പിച്ചത്. സുനിതയെ ക്രൂരമായി മർദിച്ച ദീപക്, അവരുടെ തലച്ചോറിന് ഗുരുതരമായി പരിക്കേൽപ്പിച്ചു. തലയിൽ മൂന്നിടത്ത് രക്തം കട്ടപിടിച്ച നിലയിലാണ്. മരുന്നുകളോട് സുനിത പ്രതികരിക്കുന്നില്ലെന്ന് ഭർത്താവ് സിന്റോ വേദനയോടെ പറഞ്ഞു. “അവളുടെ കഴുത്തിന് നല്ലപോലെ കൊടുത്തിട്ടുണ്ട്. ചത്തുകഴിഞ്ഞാൽ നോക്കാം” എന്ന് ദീപക് പറയുന്ന ഓഡിയോ സന്ദേശം പുറത്തുവന്നു. താനാണ് ആക്രമിച്ചതെന്ന് ദീപക് ഇതിൽ സമ്മതിക്കുന്നുണ്ട്.സ്വന്തം നാട്ടിലും തെരുവ് നായകൾക്കായി ഷെൽട്ടർ ഹോം നടത്തിയിരുന്ന സുനിത, പത്രപ്പരസ്യം കണ്ടാണ് ബംഗളൂരുവിലേക്ക് പോയത്. സുനിതയ്‌ക്കൊപ്പം സഹോദരിയുടെ മകളും മറ്റൊരു തൃശൂർ സ്വദേശിനിയും ഉണ്ടായിരുന്നു. ഇവർ അവിടെയെത്തി 12 ദിവസത്തിന് ശേഷമാണ് ഈ ക്രൂരത നടന്നത്.