
വൻതരംഗമായ വിജയത്തിന് ശേഷം മുഖ്യമന്ത്രിസ്ഥാനത്തേക്കുള്ള നീക്കങ്ങൾ കോൺഗ്രസ്സിൽ അതിശക്തം. 50 ലേറെ എംഎൽഎമാരുടെ പിന്തുണ അവകാശപ്പെട്ട് പിടിമുറക്കുകയാണ് കെസി വേണുഗോപാൽ പക്ഷം. സീനിയോറിറ്റി ഓർമ്മിപ്പിക്കുന്ന രമേശ് ചെന്നിത്തല, എംഎൽഎമാരുടെ എണ്ണമാണ് പ്രധാനമെങ്കിൽ 2021ൽ താൻ പ്രതിപക്ഷനേതാവാകുമായിരുന്നുവെന്ന് പറഞ്ഞു. ഘടകകക്ഷികളുടെയും പൊതുസമൂഹത്തിന്റേയും പിന്തുണയിൽ പ്രതീക്ഷവെക്കുന്ന വിഡി സതീശൻ, പദവി കിട്ടിയില്ലെങ്കിൽ കടുത്ത നിലപാടെടുത്തേക്കും.
ഉമ്മൻചാണ്ടിക്ക് ശേഷം മുഖ്യമന്ത്രി കെസി- വിജയാഹ്ലാദം തീരും മുമ്പെ തലസ്ഥാനത്തടക്കം ഫ്ലെക്സിറക്കി പണി തുടങ്ങി കെസി പക്ഷം. നമ്പറിലാണ് മുഴുവൻ ആത്മവിശ്വാസവും. ജയിച്ചുവന്ന എംഎൽഎമാരിൽ 52 പേരുടെ പിന്തുണയാണ് അവകാശവാദം. ഒന്നാഞ്ഞുപിടിച്ചാൽ ഇനിയും എണ്ണം കൂടും, എംപിമാരിലും സീനിയർ നേതാക്കളിലും കൂടുതൽ പേരും ഒപ്പമുണ്ടെന്നാണ് കണക്ക്. നിരീക്ഷകരെത്തുമ്പോൾ കൂടുതൽ പേർ കെസിയുടെ പേര് പറയുമെന്നാണ് ഗ്രൂപ്പിൻ്റെ എല്ലാം പ്രതീക്ഷയും.കെസിക്ക് പിന്തുണതേടി കെ സുധാകരൻ കെ മുരളീധരനെ കണ്ടു. നമ്പറാണെങ്കിൽ തനിക്കും ഉണ്ട് എംഎൽമാർ. ഒപ്പം തുറപ്പുചീട്ടായ സീനിയോറിറ്റി. വിമതരെ ഒതുക്കി. കൂടുതൽ പണം കേരളത്തിലിറക്കി എന്നൊക്കെയുള്ള കെസി പക്ഷ അവകാശവാദങ്ങൾ ചെയ്യേണ്ട കാര്യങ്ങളല്ലേ എന്ന് ചോദിക്കുന്നു ചെന്നിത്തല. നമ്പറിലല്ല കാര്യമെന്നാണ് സതീശൻ ചേരി ആവർത്തിക്കുന്നത്. ടീം യുഡിഎഫിൻറെ നായകനെ എങ്ങിനെ സാങ്കേതിക കാര്യം പറഞ്ഞ് മാറ്റി നിർത്തുമെന്നാണ് ചോദ്യം.