
തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫിന്റെ ഐതിഹാസിക വിജയത്തിന് നേതൃത്വം നൽകിയ വി.ഡി. സതീശൻ മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചർച്ചകളിൽ തന്റെ നിലപാട് വ്യക്തമാക്കി. മുഖ്യമന്ത്രി ആരാകണമെന്ന് പാർട്ടിയാണ് തീരുമാനിക്കേണ്ടതെന്നും വിഷയത്തിൽ തനിക്ക് വ്യക്തിപരമായ അവകാശവാദങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു. തന്നെ ഏൽപ്പിച്ച ജോലി ആത്മവിശ്വാസത്തോടെ പൂർത്തിയാക്കിയ അഭിമാനമുണ്ടെന്നും സതീശൻ കൂട്ടിച്ചേർത്തു.
“മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് അഭിപ്രായ പ്രകടനം നടത്താനോ അവകാശവാദമുന്നയിക്കാനോ ഞാനില്ല. പാർട്ടി പറയുന്നതനുസരിച്ച് പ്രവർത്തിക്കും. യുഡിഎഫിനെ വിജയത്തിലെത്തിക്കുക എന്നതായിരുന്നു എന്റെ ദൗത്യം, അത് നന്നായി പൂർത്തിയാക്കി.” കേരളത്തിൽ മൂന്ന് സീറ്റുകളിൽ ബിജെപി വിജയിച്ചത് സിപിഐഎം സഹായത്തോടെയാണെന്ന് സതീശൻ ആരോപിച്ചു. “സിപിഐഎം വെള്ളിത്തളികയിൽ വെച്ചാണ് ബിജെപിക്ക് ആ സീറ്റുകൾ നൽകിയത്. സംസ്ഥാനത്ത് പലയിടത്തും സിപിഐഎം-ബിജെപി ഡീൽ നടന്നു. തങ്ങളുടെ രണ്ട് മന്ത്രിമാരുടെ സീറ്റുകൾ പോയത് പോലും നോക്കാതെയാണ് അവർ ഈ കച്ചവടത്തിന് നിന്നത്,” അദ്ദേഹം പറഞ്ഞു.
ടീം യുഡിഎഫിന്റെ ഐക്യവും നിശബ്ദമായി നടത്തിയ കഠിനാധ്വാനവുമാണ് ഈ വിജയത്തിന് പിന്നിൽ. വെറുമൊരു മുന്നണിയായല്ല, വിശാലമായ ഒരു രാഷ്ട്രീയ പ്ലാറ്റ്ഫോമായി യുഡിഎഫ് മാറി. ഓരോ മേഖലയിലും സർക്കാരിന്റെ പരാജയത്തിന് ബദൽ നിർദ്ദേശങ്ങൾ മുന്നോട്ട് വെക്കാൻ യുഡിഎഫിന് സാധിച്ചു. സിപിഐഎം തകർന്നു പോകണമെന്ന് താൻ ആഗ്രഹിക്കുന്നില്ല. ബംഗാളിലെയും ത്രിപുരയിലെയും അവസ്ഥ അവർക്ക് കേരളത്തിൽ ഉണ്ടാകരുത്. ജനാധിപത്യത്തിൽ അവരുടെ സാന്നിധ്യം ആവശ്യമാണെന്നും എന്നാൽ അവർ വലിയ പ്രതിസന്ധിയിലാണെന്നും സതീശൻ ഓർമ്മിപ്പിച്ചു. ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ ഒരു മുന്നണി ഇത്രയധികം ഒരുമിച്ച് പ്രവർത്തിച്ച സംഭവം ഉണ്ടായിട്ടില്ലെന്ന് സതീശൻ അവകാശപ്പെട്ടു. ഒരു പാർട്ടിയെപ്പോലെയാണ് യുഡിഎഫ് ഘടകകക്ഷികൾ പ്രവർത്തിച്ചത്. തന്റെ 40 വർഷത്തെ രാഷ്ട്രീയ ജീവിതത്തിൽ ഇത്രയേറെ കഠിനാധ്വാനം ചെയ്ത മറ്റൊരു തിരഞ്ഞെടുപ്പ് കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.