മലയാള സിനിമയിലെ പ്രിയങ്കരനായ നടൻ സന്തോഷ് കെ. നായരുടെ അകാല വിയോഗത്തിൽ സിനിമാ ലോകം ഒന്നടങ്കം വിതുമ്പുകയാണ്. അടൂർ ഏനാത്ത് വച്ചുണ്ടായ വാഹനാപകടം ഒരു ചിരിമുഖത്തെയാണ് മലയാളത്തിന് നഷ്ടപ്പെടുത്തിയത്. മോഹൻലാൽ, സുരേഷ് ഗോപി, സുരാജ് വെഞ്ഞാറമൂട് തുടങ്ങി നിരവധി താരങ്ങൾ തങ്ങളുടെ പ്രിയ സുഹൃത്തിനെ അനുസ്മരിച്ച് രംഗത്തെത്തി.

“ഏറെ വിഷമിപ്പിക്കുന്ന ഒരു ദുഃഖവാർത്തയാണ് ഇന്ന് രാവിലെ കേട്ടത്. വ്യക്തിപരമായി ഒരുപാട് അടുപ്പമുള്ള പ്രിയപ്പെട്ട സന്തോഷ് ഒരു വാഹനാപകടത്തിൽ ഈ ലോകത്തോട് വിടപറഞ്ഞു. കോളേജിൽ എന്റെ ജൂനിയറായിരുന്നു സന്തോഷ്. ആ കാലം തൊട്ടേ നല്ലൊരു സുഹൃത്തും സഹോദരനുമായിരുന്നു അദ്ദേഹം എനിക്ക്. തലയെടുപ്പുള്ള വ്യക്തിത്വമായി, ഏവരുടേയും സ്നേഹം പിടിച്ചുപറ്റിയ നല്ലൊരു മനസ്സിന്റെ ഉടമ. സന്തോഷിന്റെ അകാലത്തിലുള്ള വേർപാടിൽ വേദനയോടെ ആദരാഞ്ജലികൾ.” – മോഹൻലാൽ പറഞ്ഞു.

“വെറുമൊരു ബന്ധുവിനോ സുഹൃത്തിനോ ഉപരിയായി, എന്റെ ജീവിതയാത്രയിൽ എപ്പോഴും കൂടെയുണ്ടായിരുന്ന സഹോദരതുല്യനായ ഒരാളായിരുന്നു സന്തോഷ്. പ്രിയപ്പെട്ടവന്റെ വിയോഗം സൃഷ്ടിച്ച ശൂന്യത വാക്കുകൾക്ക് അപ്പുറമാണ്. പ്രിയ സുഹൃത്തിന് കണ്ണീരോടെ വിട… ആത്മാവിന് നിത്യശാന്തി നേരുന്നു.” – സുരേഷ് ഗോപി.

“ഞാൻ സിനിമയിൽ വരുന്ന കാലത്തൊക്കെ അദ്ദേഹം വില്ലൻ വേഷങ്ങളിൽ തിളങ്ങി നിൽക്കുകയായിരുന്നു. കൂടെ അഭിനയിച്ചു തുടങ്ങിയപ്പോഴാണ് ഇത്രയും രസികനായ ഒരാളായിരുന്നോ ഇദ്ദേഹമെന്ന് അത്ഭുതം തോന്നിയത്. എപ്പോഴും എന്തെങ്കിലും ഒക്കെ പറഞ്ഞു ചിരിപ്പിച്ചു കൊണ്ടേയിരിക്കും. അവസാനം ‘മോഹിനിയാട്ടം’ ആണ് ഒരുമിച്ച് ചെയ്ത സിനിമ. ആ സിനിമയുടെ സെറ്റിലും അദ്ദേഹത്തിന്റെ ഒപ്പം പങ്കിട്ട നിമിഷങ്ങൾ എല്ലാം പൊട്ടിച്ചിരികളുടേതായിരുന്നു.” – സുരാജ് വെഞ്ഞാറമൂട് പറഞ്ഞു.