മോഡലിങ്ങിന്റെ മറവിലെ സെക്‌സ് റാക്കറ്റ്… നിയന്ത്രിച്ചത് മാവേലിക്കര സ്വദേശി…ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്…





കൊച്ചി: മോഡലിങ്ങിന്റെ മറവില്‍ മനുഷ്യക്കടത്തും സെക്‌സ് റാക്കറ്റും നടത്തിയ കേസില്‍ അറസ്റ്റിലായ മാവേലിക്കര സ്വദേശി ബിലാലിനെതിരെ കൂടുതല്‍ കണ്ടെത്തലുകള്‍. യുവതികളെ കണ്ടെത്തി ദുബായില്‍ എത്തിച്ച് റാക്കറ്റിനെ നിയന്ത്രിച്ചത് ബിലാല്‍ ആണെന്നാണ് കണ്ടെത്തല്‍. ദുബായില്‍ ജോലി ചെയ്യവെയാണ് കേസിലെ മറ്റൊരു പ്രതിയായ സിന്ധുവിനെ പരിചയപ്പെടുന്നതെന്നും സെക്‌സ് റാക്കറ്റിന്റെ പ്രവര്‍ത്തനം സജീവമായതോടെ ജോലി ഉപേക്ഷിച്ച് ബിലാല്‍ കേരളത്തിലേക്ക് മടങ്ങുകയായിരുന്നുവെന്നുമാണ് വിവരം.

14 വര്‍ഷമായി ദുബായില്‍ ഇവന്റ് മാനേജ്‌മെന്റ് പരിപാടി സംഘടിപ്പിക്കുന്നുണ്ടെന്ന് സിന്ധു മൊഴി നല്‍കി. വര്‍ഷത്തില്‍ മൂന്നു പരിപാടി വരെ സംഘടിപ്പിക്കുമെന്നും സെലിബ്രിറ്റികളെ പങ്കെടുപ്പിച്ചാണ് ഷോകള്‍ നടത്തിയതെന്നും സിന്ധു പറയുന്നു. ഷോയില്‍ പങ്കെടുത്ത താരങ്ങളുടെ മൊഴിയെടുക്കാനാണ് പൊലീസ് നീക്കം. ഗുണ്ടാ നേതാവ് ഔറംഗസേബിനെയും ചോദ്യം ചെയ്യും. പ്രതി സിന്ധു ഔറംഗസേബിന്റെ അക്കൗണ്ടിലേക്ക് പണം അയച്ചതിന്റെ തെളിവുകള്‍ പൊലീസിന് ലഭിച്ചു. സിന്ധുവിന് ഗുണ്ടാ സംഘങ്ങളുമായി ബന്ധമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. സിന്ധുവിന്റെ മകളുടെ ഇവന്റ് മാനേജ്‌മെന്റ് കമ്പനി കടലാസ് കമ്പനിയാണെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. ഈ കമ്പനിയുടെ മറവിലായിരുന്നു ദുബായിലേക്ക് യുവതികളെ എത്തിച്ചത്.

സിന്ധുവിന് പുറമെ തിരുവനന്തപുരം സ്വദേശി അലീന എബ്രഹാം, പൊന്നാനി സ്വദേശി മഞ്ജിമ എന്നിവരാണ് പൊലീസ് പിടിയിലായത്. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടാകുമെന്നാണ് വിവരം. സിനിമാ സീരിയല്‍ പ്രവര്‍ത്തകര്‍ക്ക് കേസില്‍ ബന്ധമുണ്ടെന്ന സൂചനകളും ലഭിക്കുന്നുണ്ട്.

കൂട്ട ബലാത്സംഗത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത് സിന്ധുവാണെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. പരാതിക്കാരിയെ കോളയില്‍ വെളുത്ത പൊടി കലര്‍ത്തി കുടിപ്പിച്ചെന്നും ഇത് പരാതിക്കാരിയുടെ ഭര്‍ത്താവിന്റെ ഫോണിലേക്ക് അയച്ചു നല്‍കിയെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. മോഡലിങ് കെണി ആസൂത്രണം ചെയ്തത് സിന്ധുവാണ് എന്നാണ് പൊലീസ് പറയുന്നത്. ദുബായില്‍ ഫാഷന്‍ ഷോ ഉണ്ടെന്ന് മോഡലുകളെ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചത് സിന്ധുവാണെന്നും യുവതികളെ ദുബായില്‍ എത്തിക്കാന്‍ വേണ്ട സൗകര്യങ്ങള്‍ ചെയ്തതും വിസയടക്കം നല്‍കിയതും സിന്ധുവാ ണെന്ന് പൊലീസ് കണ്ടെത്തി. മോഡലിങ് പരിശീലനം, ജോലി, ദുബായ് വീഡിയോ ഷൂട്ട്, ആഢംബര ഹോട്ടലിലെ താമസം, വിനോദയാത്ര തുടങ്ങിയ വാഗ്ദാനങ്ങള്‍ ചെയ്താണ് സിന്ധു യുവതികളെ പ്രലോഭിപ്പിച്ചത്.
أحدث أقدم