അറസ്റ്റ് ഉണ്ടാകില്ലെന്ന് ഇഡി… റെയ്ഡ് പൂർണ്ണമായും രേഖകൾ പിടിച്ചെടുക്കാൻ




തിരുവനന്തപുരം: രാഷ്ട്രീയ കേരളത്തെ ഉലച്ച മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) വൻ നടപടി. പിണറായി വിജയന്റെ മകൾ വീണ വിജയൻ ഉൾപ്പെടെയുള്ളവരെ ഇഡി ചോദ്യം ചെയ്തുവരികയാണ്. അതേസമയം, കേസിൽ ഇന്ന് ആരുടെയും അറസ്റ്റ് ഉണ്ടാകില്ലെന്നും ഡിജിറ്റൽ തെളിവുകളും രേഖകളും കണ്ടെത്തുക മാത്രമാണ് ഇപ്പോഴത്തെ ലക്ഷ്യമെന്നും ഇഡി വൃത്തങ്ങൾ വ്യക്തമാക്കി.

രാവിലെ ആറ് മണിക്ക് ആരംഭിച്ച ഇഡി പരിശോധന ഇപ്പോൾ നാല് മണിക്കൂർ പിന്നിട്ടിരിക്കുകയാണ്. സംസ്ഥാനത്തെ അതീവ പ്രാധാന്യമുള്ള പന്ത്രണ്ട് കേന്ദ്രങ്ങളിലാണ് ഒരേസമയം റെയ്ഡ് പുരോഗമിക്കുന്നത്. പിണറായി വിജയന്റെ കണ്ണൂരിലെയും തിരുവനന്തപുരത്തെയും വീടുകൾ. മുൻമന്ത്രിയും വീണ വിജയന്റെ ഭർത്താവുമായ പി.എ. മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വസതി. വിവാദക്കമ്പനികളായ സിഎംആർഎൽ, എക്സാലോജിക് എന്നിവയുമായി ബന്ധപ്പെട്ട പ്രധാന കേന്ദ്രങ്ങൾ. കേസുമായി ബന്ധപ്പെട്ട് വീണ വിജയൻ ഉൾപ്പെടെ മൂന്ന് പേരെയാണ് നിലവിൽ ഇഡി ചോദ്യം ചെയ്യുന്നത്. അനിൽ ആനന്ദ പണിക്കർ, സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ മകൻ ശരൺ എസ്. കർത്ത എന്നിവരാണ് ചോദ്യം ചെയ്യലിന് വിധേയരാകുന്ന മറ്റുള്ളവർ. വരും ദിവസങ്ങളിൽ കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്നാണ് സൂചന. അതേസമയം, പിണറായി വിജയനെ നിലവിൽ ചോദ്യം ചെയ്യുന്നില്ലെന്ന് ഇഡി ഔദ്യോഗികമായി വ്യക്തമാക്കിയിട്ടുണ്ട്.

മാസപ്പടി-എക്സാലോജിക് ഇടപാടുകളിലെ കള്ളപ്പണ കൈമാറ്റവും സാമ്പത്തിക സ്രോതസുകളും കണ്ടെത്തുകയാണ് ഇഡിയുടെ പ്രധാന ലക്ഷ്യം. വീണ വിജയന്റെ വ്യക്തിപരമായ സാമ്പത്തിക ഇടപാടുകൾ, എക്സാലോജിക് കമ്പനിയുടെ ബാങ്ക് വിവരങ്ങൾ, മുഖ്യമന്ത്രി പിണറായി വിജയന്റെ വിവരങ്ങൾ എന്നിവയെല്ലാം ഇഡി സംഘം വിശദമായി പരിശോധിക്കുന്നുണ്ട്. വരും മണിക്കൂറുകളിൽ കൂടുതൽ നിർണ്ണായക വിവരങ്ങൾ പുറത്തുവരുമെന്നാണ് സൂചനകൾ..
أحدث أقدم