‘കമ്മ്യൂണിസത്തിൽ ആരും വിമർശനത്തിന് അതീതരല്ല’…. തെറ്റ് തിരുത്തുമെന്ന് എം.വി ജയരാജൻ



        

കൽപറ്റ: സിപിഐഎം ജില്ലാ യോഗങ്ങളിൽ നേതൃത്വത്തിനെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉയരുന്ന പശ്ചാത്തലത്തിൽ പ്രതികരണവുമായി മുതിർന്ന നേതാവ് എം.വി. ജയരാജൻ. വിമർശനവും സ്വയം വിമർശനവുമാണ് പാർട്ടിയുടെ കരുത്തെന്നും അതൊരിക്കലും കമ്മ്യൂണിസ്റ്റ് പാർട്ടിയെ തകർക്കില്ലെന്നും അദ്ദേഹം കൽപറ്റയിൽ പറഞ്ഞു. സദുദ്ദേശ്യത്തോടെയുള്ള വിമർശനങ്ങൾ പാർട്ടിയെ ശക്തിപ്പെടുത്തുകയേ ഉള്ളൂവെന്നും കമ്മ്യൂണിസത്തിൽ വിമർശനത്തിന് അതീതരായി ആരുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തോൽവികളെ വ്യക്തിപരമായ വിമർശനമായിട്ടല്ല പാർട്ടി കാണുന്നതെന്ന് എം.വി. ജയരാജൻ വ്യക്തമാക്കി. പ്രവർത്തനങ്ങളുടെ പോരായ്മയായിട്ടാണ് വിലയിരുത്തുന്നതെങ്കിൽ അത് തിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. തെറ്റുപറ്റിയിട്ടുണ്ടോ എന്ന് സ്വയം പരിശോധിക്കണം. പറ്റുന്ന തെറ്റ് തിരുത്തലാണ് കമ്മ്യൂണിസ്റ്റുകാരുടെ കടമയും ഉത്തരവാദിത്വവും. തിരുത്തേണ്ടത് തിരുത്താനുള്ള അവസരമായി വേണം ഉയരുന്ന വിമർശനങ്ങളെ കാണാൻ. ഇതിനുമുമ്പും തിരിച്ചടിയുണ്ടായപ്പോൾ പാർട്ടി ശക്തമായി തിരിച്ചുവന്നിട്ടുണ്ട്. ഇടതുപക്ഷം എപ്പോഴും ജനപക്ഷത്താണ് – എം.വി. ജയരാജൻ പറഞ്ഞു.

നാല് വോട്ടിനും സീറ്റിനും വേണ്ടി സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങില്ലെന്ന് പറഞ്ഞ അന്നത്തെ പ്രതിപക്ഷ നേതാവ്, മുഖ്യമന്ത്രിയായപ്പോൾ നിലപാട് മാറ്റിയ ചരിത്രമുണ്ടെന്നും എന്നാൽ ഇടതുപക്ഷം അങ്ങനെയുള്ളൊരു പക്ഷമല്ലെന്നും അദ്ദേഹം യുഡിഎഫിനെ ലക്ഷ്യമിട്ട് പരിഹസിച്ചു. അതേസമയം, പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്ത തീരുമാനത്തിൽ ഇനി യാതൊരുവിധ പുനഃപരിശോധനയുമില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആവർത്തിച്ചു. ഇത് സംസ്ഥാന കമ്മിറ്റിയുടെയും സെക്രട്ടറിയേറ്റിന്റെയും ഏകകണ്ഠമായ തീരുമാനമാണെന്നും പോളിറ്റ് ബ്യൂറോയുടെ അംഗീകാരം വാങ്ങിയതാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് വ്യക്തമാക്കി.


Previous Post Next Post