
ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിൽ മലയാളി പെൺകുട്ടി ക്രൂരമായ ബലാത്സംഗത്തിന് ഇരയായതായി പരാതി. സുഹൃത്തുക്കൾക്കൊപ്പം കഫെ ബിസിനസ് തുടങ്ങാൻ സഹായിച്ച വയനാട് സുൽത്താൻ ബത്തേരി സ്വദേശി ഹൈനസിനെതിരെയാണ് ഇരുപതുകാരിയായ യുവതി പരാതി നൽകിയിരിക്കുന്നത്. എന്നാൽ, പ്രതിയെ സംരക്ഷിക്കാനും കേസ് ഒതുക്കിത്തീർക്കാനും കർണാടക പോലീസ് ഒത്തുകളിക്കുകയാണെന്ന ഗുരുതര ആരോപണവുമായി ഇരയായ പെൺകുട്ടിയും കുടുംബവും രംഗത്തെത്തി.
കഴിഞ്ഞ മെയ് 12-നാണ് നാടിനെ നടുക്കിയ കേസിനാസ്പദമായ സംഭവം നടന്നത്. ബെംഗളൂരുവിലെ മടിവാളയിൽ സുഹൃത്തുക്കളുടെ കഫെയിൽ പാർട്ട് ടൈം ആയി ജോലി ചെയ്തു വരികയായിരുന്നു പെൺകുട്ടി. മെയ് 12-ന് സുഹൃത്തുക്കളെ കാണാനായി അവരുടെ താമസസ്ഥലത്ത് എത്തിയപ്പോഴാണ് യുവതിക്ക് നേരെ അതിക്രമം ഉണ്ടായത്. മടിവാളയിൽ കഫെ തുടങ്ങാൻ സുഹൃത്തുക്കളെ സഹായിച്ചിരുന്ന ഹൈനസ് അവിടെയെത്തുകയും പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയുമായിരുന്നു. ക്രൂരതയ്ക്ക് ഇരയായ തൊട്ടടുത്ത ദിവസം തന്നെ പെൺകുട്ടി മടിവാള പോലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും കേസ് രജിസ്റ്റർ ചെയ്യാൻ പോലീസ് ആദ്യം തയ്യാറായില്ല. മാത്രമല്ല, പോലീസ് സ്റ്റേഷനിൽ വെച്ച് പ്രതിയായ ഹൈനസ് പെൺകുട്ടിയെ പരസ്യമായി ഭീഷണിപ്പെടുത്തിയെന്നും, അവിടെയുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർ കേസ് ഒത്തുതീർപ്പാക്കാൻ തങ്ങളെ നിർബന്ധിച്ചുവെന്നും യുവതി പരാതിയിൽ വ്യക്തമാക്കുന്നു.മടിവാള പോലീസിന്റെ ഭാഗത്തുനിന്നും കേസ് അന്വേഷണത്തിൽ ബോധപൂർവ്വമായ വീഴ്ചയുണ്ടാകുന്നതായി പെൺകുട്ടിയുടെ സുഹൃത്തുക്കൾ ആരോപിക്കുന്നു. പീഡനം നടന്ന് നീണ്ട ആറ് ദിവസത്തിന് ശേഷമാണ് പെൺകുട്ടിയെ പ്രാഥമിക മെഡിക്കൽ പരിശോധനയ്ക്ക് പോലും വിധേയയാക്കാൻ പോലീസ് തയ്യാറായത്. വൈകിമാത്രം എഫ്ഐആർ രജിസ്റ്റർ ചെയ്തെങ്കിലും, ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതിയായ ഹൈനസിനെ പിടികൂടാൻ ബെംഗളൂരു മടിവാള പോലീസ് ഇതുവരെ തയ്യാറായിട്ടില്ല. നിലവിൽ കേസ് രജിസ്റ്റർ ചെയ്തിട്ടും പ്രതികളിൽ നിന്നും അയാളുടെ കൂട്ടാളികളിൽ നിന്നും തങ്ങൾക്കും സുഹൃത്തുക്കൾക്കും നേരെ ഇപ്പോഴും നിരന്തരമായ വധഭീഷണിയുണ്ടെന്നും പെൺകുട്ടി വ്യക്തമാക്കുന്നു. മലയാളി യുവതിക്ക് നേരെ നടന്ന അതിക്രമത്തിൽ കർണാടക പോലീസിന്റെ നിസ്സംഗതയ്ക്കെതിരെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്.