തിരുവനന്തപുരം: ആ ചോദ്യം ഏതെങ്കിലും മുഖ്യധാരാ മാധ്യമപ്രവർത്തകരുടേതായിരുന്നില്ല, പക്ഷേ മുഖ്യമന്ത്രി വി.ഡി. സതീശൻ അതിനോട് പ്രതികരിച്ച രീതി ഇപ്പോൾ സോഷ്യൽ മീഡിയ ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ്. സംശയിക്കേണ്ട, ന്യൂജെൻ പിള്ളേർ വി.ഡി. സതീശന് നൽകിയ ‘പൂക്കി സിഎം’ എന്ന ക്യൂട്ട് വിശേഷണത്തെക്കുറിച്ച് തന്നെയാണ് പറഞ്ഞു വരുന്നത്. സത്യപ്രതിജ്ഞയ്ക്ക് മുൻപ് വി.ഡി. സതീശൻ നടത്തിയ വാർത്താ സമ്മേളനത്തിൽ മലപ്പുറം നിലമ്പൂർ സ്വദേശിയായ ഫിജിൻ എന്ന യൂട്യൂബർ ചോദിച്ച ചോദ്യവും, അതിന് മുഖ്യമന്ത്രി നൽകിയ ഭാവങ്ങളുമാണ് ഇപ്പോൾ ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും മില്യൺ കണക്കിന് വ്യൂസുമായി തരംഗം സൃഷ്ടിക്കുന്നത്.

വണ്ടിപ്രേമികളുടെ ഏറ്റവും വലിയ സ്വപ്നങ്ങളിലൊന്നായ ‘വാഹന മോഡിഫിക്കേഷൻ’ കേരളത്തിൽ നിയമപരമായി സാധ്യമാക്കുമോ എന്നതായിരുന്നു ഫിജിൻ മുഖ്യമന്ത്രിയോട് ചോദിച്ചത്. ഈ ചോദ്യത്തിന് മറുപടി പറയുന്നതിന് മുൻപ് വി.ഡി. സതീശൻ മുഖത്ത് വരുത്തിയ ഒരു ഭാവമുണ്ട്– ചൂണ്ടുകടിച്ച് കണ്ണുകൾ പാതിയടച്ച് അദ്ദേഹം നൽകിയ ആ ചിരി ന്യൂജെൻ പിള്ളേരുടെ മനസ്സ് കീഴടക്കി കഴിഞ്ഞു. സംഗീത സംവിധായകൻ അനിരുദ്ധിന്റെ ബിജിഎം അകമ്പടിയോടെ ഫിജിൻ പങ്കുവെച്ച റീലിന് ഇതിനോടകം തന്നെ 1.3 മില്യൺ വ്യൂസും 1.5 മില്യൺ ലൈക്സുമാണ് ലഭിച്ചിരിക്കുന്നത്. ‘സാറെ വണ്ടി മോഡിഫിക്കേഷനെ കുറിച്ച് എന്താണ് പറയാനുള്ളത് എന്നാണ് ഞാൻ ചോദിച്ചത്. സാർ ഉടനെ ഒരു എക്സ്പ്രഷൻ ഇട്ടു. ഒരുപാട് മുഖ്യമന്ത്രിമാരെ കണ്ടിട്ടുണ്ടെങ്കിലും ചെറുപ്പക്കാരുടെ ഐക്കൺ എന്ന് പറയാവുന്നത് സതീശേട്ടനെയാണ്. മലപ്പുറം ഒരുപാട് വണ്ടിപ്രാന്തന്മാരുടെ നാടാണ്, അക്കൂട്ടത്തിൽ ഒരാളാണ് ഞാനും. അതുകൊണ്ടാണ് അങ്ങനെ ഒരു ചോദ്യം ചോദിച്ചത്.’ ഫിജിൻ (യൂട്യൂബർ) പറഞ്ഞു.

സംഭവം വൈറലായതോടെ പ്രതികരണവുമായി മുഖ്യമന്ത്രി വി.ഡി. സതീശനും രംഗത്തെത്തി. താൻ ‘പൂക്കി സിഎം’ ആയ വിവരം മകളാണ് കാണിച്ചുതന്നതെന്ന് അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു. ചെറുപ്പക്കാരുടെ ആഗ്രഹങ്ങൾ വെറുതെ വോട്ട് കിട്ടാൻ വേണ്ടി പറഞ്ഞതല്ലെന്നും, ജനാഭിലാഷങ്ങൾ യാഥാർത്ഥ്യമാക്കാനാണ് തങ്ങൾ വന്നിരിക്കുന്നതെന്നും ഫിജിന്റെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ കൂട്ടിച്ചേർത്തു. പറഞ്ഞ വാക്കിന് വ്യവസ്ഥയുണ്ടാകുമെന്നും വാഹന മോഡിഫിക്കേഷൻ കാര്യത്തിൽ അനുകൂല നടപടിയുണ്ടാകുമെന്ന സൂചനയും അദ്ദേഹം നൽകി.

ന്യൂജെൻ പിള്ളേരുടെ മനസ്സിലേക്ക് ‘മോഡിഫൈ’ ചെയ്ത് കയറാൻ സഹായിച്ച ഫിജിനെ നേരിട്ട് കാണാനുള്ള ഒരുക്കത്തിലാണ് മുഖ്യമന്ത്രിയിപ്പോൾ. അടുത്ത തിങ്കളാഴ്ച ഫിജിനോട് നേരിട്ട് തിരുവനന്തപുരത്ത് എത്താൻ മുഖ്യമന്ത്രിയുടെ ഓഫീസ് നിർദേശം നൽകിയിട്ടുണ്ട്. എന്തായാലും ‘പൂക്കി സിഎം’ ലുക്കും വണ്ടിപ്രേമികളുടെ ചോദ്യവും സോഷ്യൽ മീഡിയയിൽ ഇനിയും ദിവസങ്ങളോളം ചർച്ചയാകുമെന്നുറപ്പാണ്.