യു.ഡി.എഫ് സർക്കാർ സത്യപ്രതിജ്ഞ… തമിഴ്‌നാട് മുഖ്യമന്തി വിജയ്ക്ക് ക്ഷണം, വി ഡി സതീശന്റെ നിർദേശപ്രകാരം കത്ത് അയച്ചു


നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യെ ക്ഷണിച്ചു. നിയുക്ത മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ചീഫ് സെക്രട്ടറിയാണ് ക്ഷണക്കത്ത് അയച്ചത്. തിങ്കളാഴ്ച തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വെച്ചാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുന്നത്.

City & Local Guides

തമിഴ്‌നാട് മുഖ്യമന്ത്രിക്ക് പുറമെ ദക്ഷിണേന്ത്യയിലെ മറ്റ് പ്രമുഖ നേതാക്കളെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢി, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എന്നിവർക്ക് പുറമെ ജമ്മു കശ്മീർ മുഖ്യമന്ത്രി ഉമർ അബ്ദുല്ല, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വീന്ദർ സിങ് സുഖു എന്നിവരെയും ചടങ്ങിലേക്ക് ക്ഷണിച്ചേക്കും. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരും ചടങ്ങിൽ സംബന്ധിക്കും.തമിഴ്‌നാട്ടിൽ തിരഞ്ഞെടുപ്പിന് ശേഷം ഡിഎംകെ സഖ്യം വിട്ട് വിജയ്‌യുടെ ടിവികെ പാർട്ടിയുമായി കോൺഗ്രസ് പുതിയ സഖ്യം രൂപീകരിച്ചിരുന്നു. വിജയ്‌യുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ രാഹുൽ ഗാന്ധി പങ്കെടുത്തത് ഈ ബന്ധത്തിന്റെ ആഴം വർധിപ്പിച്ചു. വിജയ് മന്ത്രിസഭയിൽ കോൺഗ്രസ് നേതാക്കൾ ഉടൻ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെയാണ് കേരളത്തിലെ സത്യപ്രതിജ്ഞാ ചടങ്ങിലേക്കും വിജയ്‌യെ ക്ഷണിച്ചിരിക്കുന്നത്. വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായ വേളയിൽ കേരളത്തിലെ ആരാധകർ വലിയ ആഘോഷങ്ങൾ സംഘടിപ്പിച്ചിരുന്നു.


വയനാട് ഉൾപ്പെടെയുള്ള ജില്ലകളിൽ പാർട്ടി പ്രവർത്തനം വിപുലീകരിക്കാൻ ടിവികെ ലക്ഷ്യമിടുന്നുണ്ട്. ഇതിനായി പുതിയ അംഗങ്ങളെ ചേർക്കാൻ മൊബൈൽ ആപ്പ് തയ്യാറാക്കുന്നതടക്കമുള്ള നടപടികളുമായി യുവാക്കളുടെ കൂട്ടായ്മ സജീവമാണ്. തമിഴ്‌നാട് മുഖ്യമന്ത്രിയെന്ന നിലയിൽ വിജയ് എത്തുന്നതോടെ സത്യപ്രതിജ്ഞാ ചടങ്ങ് ദേശീയ ശ്രദ്ധയാകർഷിക്കുന്ന ഒരു രാഷ്ട്രീയ വേദിയായി മാറും. ചടങ്ങിൽ പങ്കെടുക്കുന്ന കാര്യത്തിൽ വിജയ്‌യുടെ ഭാഗത്ത് നിന്ന് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭ്യമായിട്ടില്ലെങ്കിലും അദ്ദേഹം തിരുവനന്തപുരത്ത് എത്താൻ വലിയ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Previous Post Next Post