എസ്എന്‍ഡിപി മൈക്രോ ഫിനാന്‍സ് തട്ടിപ്പ്….കേസന്വേഷണം ഇഴയുന്നതില്‍ അന്വേഷണ ഉദ്യോഗസ്ഥന് ഹൈക്കോടതിയുടെ വിമര്‍ശനം…




        
കൊച്ചി: എസ്എന്‍ഡിപി യോഗം മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ് അന്വേഷണം ഇഴയുന്നതില്‍ അന്വേഷണ ഉദ്യോഗസ്ഥന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. കേസ് അന്വേഷിക്കാന്‍ ഇനി കൂടുതല്‍ സമയം അനുവദിക്കില്ലെന്നും ജൂണ്‍ ഇരുപതിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ഉദ്യോഗസ്ഥര്‍ അന്വേഷണത്തെ ഗൗരവത്തോടെ കാണണമെന്ന് ജസ്റ്റിസ് എ ബദറുദ്ദീന്‍ ആവശ്യപ്പെട്ടു. സന്തോഷകരമല്ലാത്ത ഉത്തരവ് പുറപ്പെടുവിക്കാന്‍ ഉദ്യോഗസ്ഥര്‍ ഇടവരുത്തരുതെന്നും കോടതി മുന്നറിയിപ്പ് നല്‍കി.

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍, പ്രസിഡന്റ് എന്‍ സോമന്‍, മൈക്രോഫിനാന്‍സ് കോര്‍ഡിനേറ്റര്‍ കെ കെ മഹേശന്‍ എന്നിവര്‍ സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വ്യാജ രേഖകള്‍ ഹാജരാക്കി ക്രമക്കേട് നടത്തിയെന്നായിരുന്നു ആരോപണം. അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ പരാതിയിലെടുത്ത കേസാണിത്. കേസില്‍ അന്വേഷണം വൈകുന്നതില്‍ കോടതി നേരത്തെയും അതൃപ്തി പ്രകടിപ്പിച്ചിരുന്നു. മെയ് ഇരുപതിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി അന്ന് നിര്‍ദേശം നല്‍കിയത്.


Previous Post Next Post