ഇപ്പോഴുള്ളവർ തുടർന്നാൽ പ്രശ്നങ്ങൾ കൂടുതൽ വഷളാകും’…. ‘അമ്മ’ നേതൃത്വം പിരിച്ചുവിടണമെന്ന് നടി പൊന്നമ്മ ബാബു


കൊച്ചി: താരസംഘടനയായ ‘അമ്മ’യ്ക്കുള്ളിൽ ഭരണസമിതി അംഗങ്ങൾ തമ്മിലുള്ള ആഭ്യന്തര കലഹം തെരുവിലേക്ക് പടരുന്നതിനിടയിൽ കടുത്ത നിലപാടുമായി മുതിർന്ന നടി പൊന്നമ്മ ബാബു. സംഘടനയിലെ ഇപ്പോഴത്തെ ഭാരവാഹികൾ ഇതേപടി തുടർന്നാൽ പ്രശ്നങ്ങൾ കൂടുതൽ വഷളാകുമെന്നും, അതിനാൽ നിലവിലെ ‘അമ്മ’ നേതൃത്വം അടിയന്തരമായി പിരിച്ചുവിടണമെന്നും പൊന്നമ്മ ബാബു ആവശ്യപ്പെട്ടു. പ്രസിഡന്റിനും സെക്രട്ടറിക്കും ഇടയിലുള്ള ‘ഈഗോ’ പ്രശ്നങ്ങളാണ് ഇപ്പോഴത്തെ കടുത്ത പ്രതിസന്ധിക്ക് കാരണമെന്ന് അവർ തുറന്നടിച്ചു.

എക്സിക്യൂട്ടിവ് കമ്മിറ്റിയില്‍ നിന്ന് രാജിവെച്ച നടി അന്‍സിബ ഹസ്സന്‍ സംഘടന നേതൃത്വത്തിനും നടൻ ടിനി ടോമിനുമെതിരെ ഉന്നയിച്ച ഗുരുതര ആരോപണങ്ങളാണ് ഈ വൻ പൊട്ടിത്തെറിക്ക് തുടക്കമിട്ടത്. തന്നെ ‘ജിഹാദി’ എന്ന് വിളിച്ചെന്നും, മതപരിവർത്തനം നടത്തിയെന്ന് ആരോപിച്ചെന്നും അൻസിബ തുറന്നടിച്ചു. ഇതിനുപുറമേ തനിക്ക് അവിഹിത ബന്ധമുണ്ടെന്ന് പ്രചരിപ്പിക്കുകയും പോലീസിൽ വ്യാജ പരാതി നൽകാൻ ഒത്താശ ചെയ്യുകയും ചെയ്തുവെന്നും അൻസിബ ആരോപിച്ചു. എന്നാൽ, ഈ വിഷയത്തിൽ അൻസിബയുടെ പരാതി കേൾക്കാനായി ‘അമ്മ’ എക്സിക്യൂട്ടീവ് കമ്മിറ്റി അടിയന്തരമായി സംഘടനയുടെ ഓഫീസിലേക്ക് വിളിപ്പിച്ചെങ്കിലും അൻസിബ ഇതിനോട് പ്രതികരിച്ചിട്ടില്ല.അൻസിബയുടെ ആരോപണങ്ങൾക്ക് തൊട്ടുപിന്നാലെ ടിനി ടോമിനെതിരെ മറ്റൊരു കടുത്ത പരാതിയുമായി നടി നീനാ കുറുപ്പും രംഗത്തെത്തി. സംഘടനയുടെ കുടുംബമേളയ്ക്കിടെ ടിനി ടോം തങ്ങളെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്നും പരസ്യമായി അസഭ്യം പറഞ്ഞെന്നുമാണ് നീനാ കുറുപ്പ് ‘അമ്മ’ നേതൃത്വത്തിന് നൽകിയ ഔദ്യോഗിക പരാതിയിൽ പറയുന്നത്. അതേസമയം, സംഘടനയ്ക്കുള്ളിലെ തർക്കങ്ങളിൽ പുതിയ വെളിപ്പെടുത്തലുമായി നടി ലക്ഷ്മിപ്രിയയും രംഗത്തെത്തിയിട്ടുണ്ട്. അൻസിബയ്ക്കെതിരെ മുൻപ് പോലീസിൽ പരാതി നൽകിയ നടി താനാണെന്ന് ലക്ഷ്മിപ്രിയ വാർത്താസമ്മേളനത്തിൽ പരസ്യമായി വെളിപ്പെടുത്തി. തനിക്കെതിരെ അൻസിബ ഉന്നയിച്ച ജിഹാദി പരാമർശങ്ങൾ ഉൾപ്പെടെയുള്ള എല്ലാ ആരോപണങ്ങളും ലക്ഷ്മിപ്രിയ പൂർണ്ണമായി നിഷേധിക്കുകയും ചെയ്തു. താരങ്ങൾ ചേരിതിരിഞ്ഞ് ആരോപണ പ്രത്യാരോപണങ്ങൾ ഉന്നയിക്കാൻ തുടങ്ങിയതോടെ ‘അമ്മ’ സംഘടന വരും ദിവസങ്ങളിൽ കൂടുതൽ കടുത്ത അച്ചടക്ക നടപടികളിലേക്കോ അല്ലെങ്കിൽ ഭരണസമിതിയുടെ പുനഃസംഘടനയിലേക്കോ നീങ്ങേണ്ടി വരുമെന്നാണ് സിനിമാ മേഖലയിലുള്ളവർ വിലയിരുത്തുന്നത്

Previous Post Next Post