കെഎസ്ആർടിസിയുടെ പുത്തൻ ഡിസൈൻ ..ഗ്ലാസ് ജനലുകളും ഇടുങ്ങിയ പാസേജും യാത്രക്കാരെ വലയ്ക്കുന്നു

വലിയ അവകാശവാദങ്ങളോടെ കെഎസ്ആർടിസി നിരത്തിലിറക്കിയ പുതിയ സൂപ്പർ ഫാസ്റ്റ് പ്രീമിയം, ഫാസ്റ്റ് പാസഞ്ചർ ബസുകൾ യാത്രക്കാർക്ക് സമ്മാനിക്കുന്നത് കടുത്ത യാത്രാദുരിതം. വായുസഞ്ചാരമില്ലാത്ത ഗ്ലാസ് ജനലുകളും, ഇടുങ്ങിയ പാസേജും, മരത്തടി പോലുള്ള സീറ്റുകളും ദീർഘദൂര യാത്രക്കാരെ കടുത്ത ആരോഗ്യപ്രശ്നങ്ങളിലേക്കാണ് തള്ളിവിടുന്നത്. കേരളത്തിലെ കാലാവസ്ഥയ്ക്ക് ഒട്ടും അനുയോജ്യമല്ലാത്ത ഈ ഡിസൈൻ മാറ്റണമെന്നും, ബസുകൾ അടിയന്തരമായി പിൻവലിക്കണമെന്നുമാണ് യാത്രക്കാരുടെ ആവശ്യം.

മോശം സീറ്റുകൾ കാരണം ദീർഘദൂരയാത്ര കഴിഞ്ഞാൽ ആരോഗ്യ പ്രശ്നങ്ങളുണ്ടാകുന്നതായി യാത്രക്കാർ പറയുന്നു. ബോഡി കോഡ് പാലിച്ചു ബസ് നിർമാതാക്കൾ തന്നെ നി‍ർമാണം പൂർത്തിയാക്കിയ ബസുകളാണ് കെഎസ്ആർടിസി വാങ്ങിയത്. സീറ്റ് ഡിസൈനിൽ മാറ്റം വരുത്തണമെങ്കിൽ വളരെ മുൻപുതന്നെ നടപടിക്രമങ്ങൾ ആരംഭിക്കണമായിരുന്നു. അതേസമയം, തമിഴ്നാട് ട്രാൻസ്പോർട്ട് കോർപറേഷൻ നാഗർകോവിൽ–തിരുവനന്തപുരം സെക്ടറിൽ പുതിയ ബസുകളാണ് ഓടിക്കുന്നതെങ്കിലും സീറ്റുകൾ സുഖപ്രദമാണ്.

സീറ്റിന്റെ ഡിസൈൻ മാറ്റം കെഎസ്ആർടിസിക്കു നിർദേശിക്കാമെന്നാണു തമിഴ്നാട് തെളിയിക്കുന്നത്. ഇപ്പോഴുള്ള സീറ്റുകളുമായി, സ്വകാര്യ ദീർഘദൂര ബസുകളുമായി കെഎസ്ആർടിസിക്കു മത്സരിക്കാൻ കഴിയില്ല. സീറ്റുകൾ കുഴിഞ്ഞു താഴുന്ന പ്രശ്നങ്ങളുമുണ്ട്. വലിയ ചൂടാണു പുതിയ ബസിനുള്ളിലും സീറ്റുകളിലും അനുഭവപ്പെടുന്നതെന്നും യാത്രക്കാർ പറഞ്ഞു. ‌കെഎസ്ആർടിസി ബോഡി കെട്ടിയിരുന്ന കാലത്തു ബസുകൾക്കു ലവൽ പ്ലാറ്റ്ഫോം ഉണ്ടായിരുന്നെങ്കിൽ പുതിയ ബസുകളിൽ ടയറിനു മുകളിൽ വരുന്ന സീറ്റുകൾ ഒരു പടിക്കെട്ടിനു മുകളിലെന്ന പോലെയാണ്.

പുതിയ ബസിലെ പോരായ്മകൾ
ബസിനുള്ളിലൂടെ രണ്ടുപേർക്ക് ഒരേസമയം നടക്കാനാകാത്ത വിധം വീതി കുറവാണ്. ഇത് കണ്ടക്ടർമാർക്ക് ടിക്കറ്റ് വിതരണത്തിന് വലിയ തടസ്സം സൃഷ്ടിക്കുന്നു. കാലുകൾ നിവർത്തിവെക്കാൻ പോലും സ്ഥലമില്ല. പിന്നിലേക്ക് ചാരിവെക്കാൻ (Pushback) കഴിയാത്തതും, ഇരിക്കുമ്പോൾ താഴേക്ക് കുഴിഞ്ഞുപോകുന്നതുമായ സീറ്റുകൾ കാരണം യാത്ര കഴിഞ്ഞാൽ കടുത്ത നടുവേദനയാണ് അനുഭവപ്പെടുന്നത്. ഗ്ലാസ് വിൻഡോകൾ ആയതിനാൽ കാറ്റ് കൃത്യമായി കയറാതെ ബസിനുള്ളിൽ കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. സീറ്റുകളിൽ ഉപയോഗിച്ചിരിക്കുന്ന മെറ്റീരിയലും ചൂട് വർദ്ധിപ്പിക്കുന്നു.


Previous Post Next Post