
മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ തിരുവനന്തപുരത്തെ വസതിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ മിന്നൽ റെയ്ഡിനെതിരെ അന്താരാഷ്ട്ര തലത്തിൽ കടുത്ത പ്രതികരണവും പ്രതിഷേധവും. കേന്ദ്ര സർക്കാർ ഏജൻസികളെ ഉപയോഗിച്ച് നടത്തുന്ന ഈ രാഷ്ട്രീയ വേട്ടയെ ശക്തമായ ഭാഷയിൽ അപലപിച്ചുകൊണ്ട് ബ്രിട്ടനിലെ കമ്മ്യൂണിസ്റ്റ് പാർട്ടി ഔദ്യോഗികമായി രംഗത്തെത്തി. പാർട്ടിയുടെ ഔദ്യോഗിക എക്‌സ് പേജിലൂടെയാണ് കേന്ദ്ര നീക്കത്തിനെതിരെ ആഗോളതലത്തിൽ പ്രതികരണമുയർത്തിക്കൊണ്ടുള്ള ഈ പ്രസ്താവന പങ്കുവെച്ചിരിക്കുന്നത്.
കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയായിരിക്കുകയും നിലവിൽ ജനാധിപത്യപരമായ പ്രതിപക്ഷത്തിന് നേതൃത്വം നൽകുകയും ചെയ്യുന്ന സഖാവ് പിണറായി വിജയന്റെ വസതിയിൽ കേന്ദ്ര ഏജൻസികൾ നടത്തിയത് തികച്ചും രാഷ്ട്രീയപ്രേരിതമായ പരിശോധനകളാണെന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ബ്രിട്ടൻ കുറ്റപ്പെടുത്തി. ഇ.ഡിയുടെ ഡൽഹി ആസ്ഥാനത്തിന് പുറത്ത് പിണറായി വിജയന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സമാധാനപരമായി പ്രതിഷേധിച്ച സി.പി.ഐ.എം ഉന്നത നേതാക്കളെ കൂട്ടത്തോടെ അറസ്റ്റ് ചെയ്ത കേന്ദ്ര പോലീസ് നടപടിയെയും പ്രസ്താവനയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ബ്രിട്ടൻ ശക്തമായി അപലപിക്കുന്നുണ്ട്.
സംഘടിക്കാനുള്ള സ്വാതന്ത്ര്യം, അഭിപ്രായസ്വാതന്ത്ര്യം, കമ്മ്യൂണിസ്റ്റുകൾക്ക് രാജ്യത്ത് പ്രവർത്തിക്കാനുള്ള രാഷ്ട്രീയ അവകാശം എന്നിവയ്ക്കുനേരെ രാഷ്ട്രീയവത്കരിക്കപ്പെട്ട ഏജൻസികൾ വഴി നടത്തുന്ന ഈ അടിച്ചമർത്തുന്നതും ജനാധിപത്യവിരുദ്ധവുമായ ആക്രമണങ്ങളെ പ്രതിരോധിക്കാൻ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകൾക്ക് പൂർണ്ണ അവകാശമുണ്ട്. സഹോദരപാർട്ടിയായ സി.പി.ഐ.എമ്മിന്റെ ഈ പോരാട്ടത്തോട് ബ്രിട്ടനിലെ കമ്മ്യൂണിസ്റ്റ് പാർട്ടി തങ്ങളുടെ സമ്പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും കുറിപ്പിലുണ്ട്. അടിച്ചമർത്തലുകൾക്ക് വലിയ വില നൽകിക്കൊണ്ടാണ് നൂറുകൊല്ലം മുൻപ് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ നുകത്തിൽനിന്ന് ഇന്ത്യയെ മോചിപ്പിക്കാൻ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകൾ സ്വാതന്ത്ര്യസമരം ആരംഭിച്ചതെന്ന് അന്താരാഷ്ട്ര സമൂഹം ഓർമ്മിപ്പിച്ചു. ഇന്ന് മോദി സർക്കാരിന്റെ കോർപ്പറേറ്റ് അനുകൂല – തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരേ ഇന്ത്യയിലെ പാവപ്പെട്ട തൊഴിലാളികളുടെയും കർഷകരുടെയും അവകാശങ്ങൾക്കായി സി.പി.ഐ.എം ശക്തമായി ഒപ്പംനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഈ ആസൂത്രിത വേട്ടയാടലെന്നും അവർ ചൂണ്ടിക്കാട്ടി.
ബ്രിട്ടനിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറി അലക്‌സ് ഗോർഡൻ, ഇന്റർനാഷണൽ സെക്രട്ടറി കെവാൻ നെൽസൺ എന്നിവർ സംയുക്തമായാണ് ഈ ഔദ്യോഗിക അന്താരാഷ്ട്ര പ്രസ്താവന പുറത്തിറക്കിയിരിക്കുന്നത്. തിരുവനന്തപുരത്തെയും കോഴിക്കോട്ടെയും തെരുവ് യുദ്ധങ്ങൾക്ക് പിന്നാലെ കേസ് അന്താരാഷ്ട്ര ശ്രദ്ധയിലേക്ക് കൂടി മാറിയത് കേന്ദ്ര സർക്കാരിനും വലിയ രാഷ്ട്രീയ വെല്ലുവിളിയാകും.