ദുബായ്: -ഡ്രൈവിങ് പരിശീലന രീതികളിൽ വിപ്ലവകരമായ മാറ്റങ്ങളുമായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). ആധുനിക വാഹനങ്ങളിലെ അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്‌റ്റൻസ് സിസ്‌റ്റം (അഡാസ്) ഉൾപ്പെടെയുള്ള അത്യാധുനിക സാങ്കേതികവിദ്യകൾ കൂടി ഉൾപ്പെടുത്തി ലൈറ്റ് വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ് പരിശീലന സിലബസ് ആർടിഎ പരിഷ്‌കരിച്ചു.
🚘പരിശീലനത്തിൽ ഇനി ഇവയും,
ലക്ഷ്യം റോഡ് സുരക്ഷ വാഹനങ്ങൾ തമ്മിലുള്ള കൂട്ടിയിടി മുന്നറിയിപ്പ്, ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിങ്, ലെയ്ൻ മാറ്റം ശ്രദ്ധയിൽപ്പെടുത്തുന്ന സംവിധാനം, ഓട്ടമാറ്റിക് പാർക്കിങ് അസിസ്റ്റ‌്, നൈറ്റ് വിഷൻ സിസ്റ്റം, ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം (എബിഎസ്), അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ തുടങ്ങിയ അത്യാധുനിക സംവിധാനങ്ങളെക്കുറിച്ചുള്ള വിശദമായ പഠനം ഇനി പരിശീലനത്തിന്റെ ഭാഗമാകും. രാജ്യാന്തര നിലവാരത്തിലുള്ള മാനദണ്ഡങ്ങൾ പാലിച്ചാണ് പുതിയ മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്.
റോഡ് സുരക്ഷ വർധിപ്പിക്കുക, ഡ്രൈവർമാരുടെ പെരുമാറ്റരീതികളിൽ ഗുണപരമായ മാറ്റം വരുത്തുക, അപകടങ്ങൾ കുറയ്ക്കുക എന്നിവയാണ് ഈ പരിഷ്കാരത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ആർടിഎ ഡ്രൈവർ ലൈസൻസിങ് ഡയറക്ടർ സുൽത്താൻ അൽ അക്റഫ് പറഞ്ഞു. ഡ്രൈവിങ് ഇൻസ്റ്റിറ്റ്യൂട്ടുകളുമായി സഹകരിച്ച് തയാറാക്കിയ പുതിയ സിലബസ് തിയറി, പ്രാക്‌ടിക്കൽ ക്ലാസുകളിലും ഡ്രൈവർ ഹാൻഡ് ബുക്കിലും ഉൾപ്പെടുത്തിക്കഴിഞ്ഞു
കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ 2,50,000-ത്തിലേറെ ട്രെയിനികൾക്ക് പരിഷ്കരിച്ച സിലബസിന്റെ ഗുണം ലഭിച്ചതായി അധികൃതർ വ്യക്തമാക്കി. പുതിയ സാങ്കേതികവിദ്യകൾ ഡ്രൈവർമാർക്ക് പരിചിതമാക്കുന്നതിനായി ദുബായിലെ വിവിധ ഡ്രൈവിങ് ഇൻസ്റ്റിറ്റ്യൂട്ടുകളിലെ പരിശീലകർക്കായി പ്രത്യേക വർക്ക്ഷോപ്പുകളും ആർടിഎ സംഘടിപ്പിച്ചു. സുരക്ഷിതവും സുഗമവുമായ യാത്ര ഉറപ്പാക്കുന്നതിനൊപ്പം ആഗോള നിലവാരത്തിലുള്ള സേവനം ഉപയോക്താക്കൾക്ക്
നൽകാനാണ് ദുബായ് ലക്ഷ്യമിടുന്നത്.