
കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള നടപടികൾ കോൺഗ്രസ് ഹൈക്കമാൻഡ് വേഗത്തിലാക്കി. മുഖ്യമന്ത്രി സ്ഥാനത്തിനായി എംഎൽഎമാരുടെ പിന്തുണ തേടി മത്സരമില്ലെന്നും പാർട്ടി നേതൃത്വം ഉചിതമായ സമയത്ത് ഉചിതമായ തീരുമാനം എടുക്കുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. സമൂഹമാധ്യമങ്ങളിലെ ഗ്രൂപ്പ് പോരുകളോ ഫ്ലക്സ് ബോർഡുകളോ നോക്കിയല്ല മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത്. ജനാധിപത്യപരമായ രീതിയിൽ ഹൈക്കമാൻഡ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും.
തന്റെ ഡൽഹി സന്ദർശനം കേരളത്തിലെ മുഖ്യമന്ത്രി ചർച്ചകളുമായി ബന്ധപ്പെട്ടതല്ലെന്നും മഹാരാഷ്ട്രയിലെ പാർട്ടി പുനസംഘടനയുമായി ബന്ധപ്പെട്ടതാണെന്നും അദ്ദേഹം വിശദീകരിച്ചു. സോണിയ ഗാന്ധിയുടെ വസതിയിൽ രാവിലെ 11:30-ന് നടക്കുന്ന മഹാരാഷ്ട്ര ഡിസിസി പുനസംഘടന അജണ്ട യോഗത്തിൽ ഖർഗെയും രാഹുൽ ഗാന്ധിയും പങ്കെടുക്കുന്നുണ്ട്. എംഎൽഎമാരുടെ താല്പര്യം നേരിട്ട് ചോദിച്ചറിയാൻ എഐസിസി രണ്ട് മുതിർന്ന നിരീക്ഷകരെ കേരളത്തിലേക്ക് അയക്കും. ആരൊക്കെയാണ് നിരീക്ഷകർ എന്നത് എഐസിസി വാർത്താക്കുറിപ്പിലൂടെ ഉടൻ അറിയിക്കും.
നിയമസഭാ കക്ഷി യോഗം (CLP Meeting) നടക്കുന്ന ദിവസം നിരീക്ഷകർ തിരുവനന്തപുരത്തെത്തും. ഓരോ എംഎൽഎമാരുമായും വ്യക്തിപരമായി സംസാരിച്ച് അവർ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുക. അതിനിടെ, കെ.സി. വേണുഗോപാൽ ഉൾപ്പെടെയുള്ള നേതാക്കൾ ഡൽഹിയിൽ ക്യാമ്പ് ചെയ്ത് ചർച്ചകൾ തുടരുകയാണ്. ഉമ്മൻ ചാണ്ടിക്ക് ലഭിച്ചിരുന്ന സ്വീകാര്യതയും പിന്തുണയും കണക്കിലെടുത്ത് ചാണ്ടി ഉമ്മനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുന്ന കാര്യത്തിലും ഏകദേശ ധാരണയായിട്ടുണ്ട്