പ്രതിപക്ഷ നേതൃസ്ഥാനത്ത് പിണറായി തന്നെ അനുയോജ്യൻ….. ഒതുക്കി എന്ന പ്രചാരണം വ്യാജമെന്ന് കെ.കെ. ശൈലജ


തിരുവനന്തപുരം: പ്രതിപക്ഷ നേതാവായി പിണറായി വിജയൻ തുടരുന്നതാണ് നല്ലതെന്ന് മുൻ മന്ത്രിയും സിപിഐഎം നേതാവുമായ കെ.കെ. ശൈലജ. മുതിർന്ന പിബി അംഗമായ അദ്ദേഹത്തെ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് പാർട്ടി നിശ്ചയിച്ചതിനെ ശൈലജ പിന്തുണച്ചു. തിരഞ്ഞെടുപ്പ് ഫലം പ്രതീക്ഷിക്കാത്ത തിരിച്ചടിയാണെന്നും തിരുത്തലുകൾ പാർട്ടി തീരുമാനിക്കുമെന്നും അവർ വ്യക്തമാക്കി.



തന്നെ രാഷ്ട്രീയമായി ഒതുക്കി എന്ന തരത്തിൽ നടക്കുന്നത് വ്യാജ പ്രചാരണമാണെന്ന് ശൈലജ പറഞ്ഞു. ഇത്തരം പ്രചാരണങ്ങൾക്ക് പിന്നിൽ പ്രത്യേക അജണ്ടയുണ്ട്. തന്നെ മത്സരരംഗത്തേക്ക് കൊണ്ടുവന്നത് പാർട്ടിയാണെന്നും അവർ കൂട്ടിച്ചേർത്തു. വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിൽ ആശ വർക്കർമാരുടെ ഓണറേറിയം വർദ്ധിപ്പിച്ചത് സ്വാഗതാർഹമാണ്. എന്നാൽ എൽഡിഎഫ് സർക്കാർ മുൻപ് ഓണറേറിയം വർദ്ധിപ്പിച്ചിരുന്ന കാര്യം വിസ്മരിക്കരുത്. കേന്ദ്ര വിഹിതം കൃത്യമായി ലഭിക്കാത്തത് സംസ്ഥാനങ്ങളെ സാമ്പത്തികമായി ബുദ്ധിമുട്ടിക്കുന്നുണ്ടെന്നും അവർ ചൂണ്ടിക്കാട്ടിആശ വർക്കർമാരുടെ ഓണറേറിയം 3,000 രൂപ വർദ്ധിപ്പിച്ച് 12,000 രൂപയാക്കാനാണ് പുതിയ സർക്കാർ തീരുമാനിച്ചത്. അങ്കണവാടി ജീവനക്കാർ, പാചകത്തൊഴിലാളികൾ, പ്രീ-പ്രൈമറി ടീച്ചർമാർ എന്നിവർക്ക് 1,000 രൂപയുടെ വർദ്ധനവും പ്രഖ്യാപിച്ചിട്ടുണ്ട്. വിരമിക്കൽ ആനുകൂല്യങ്ങൾ സംബന്ധിച്ച് ഒരു മാസത്തിനുള്ളിൽ തീരുമാനമുണ്ടാകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഉറപ്പുനൽകി.

أحدث أقدم