റിയാദ് : സൗദി അറേബ്യയിലെ
അൽഖസീം പ്രവിശ്യയിലുണ്ടായ അപകടത്തിൽ മലയാളിയടക്കം രണ്ട് പ്രവാസികൾ മരിച്ചു. പാലക്കാട് നെന്മാറ നെല്ലിക്കാട് സ്വദേശി ശബ്ദം മൻസിലിൽ ശനൂബ് മുഹമ്മദ് ശരീഫ് (30), പശ്ചിമ ബംഗാൾ ബുധിയ സ്വദേശി അബ്ദുൽ മതീൻ (32) എന്നിവരാണ് മരിച്ചത്. അൽഖസീമിലെ ദറിയയിലുള്ള അൽസലാം റോഡിൽ വ്യാഴാഴ്ചയായിരുന്നു അപകടം.
ഇരുവരും സഞ്ചരിച്ചിരുന്ന പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ശനൂബ് അപകടസ്‌ഥലത്തുവച്ചുതന്നെ മരിച്ചു. പിക്കപ്പ് ഓടിച്ചിരുന്ന അബ്‌ദുൽ മതീനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ശനൂബിന്റെയും അബ്ദുൽ മതീന്റെയും മൃതദേഹങ്ങൾ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ഉനൈസ കെ.എം.സി.സി ഭാരവാഹികളുടെ നേതൃത്വത്തിലാണ് ഇതിനായുള്ള തുടർനടപടികൾ നടന്നുവരുന്നത്.