
കോഴിക്കോട്: താമരശ്ശേരിയില്‍ വിളവെടുപ്പിന് പാകമായ തണ്ണിമത്തനുകൾ വ്യാപകമായി നശിപ്പിച്ച നിലയില്‍ കണ്ടെത്തി. പഞ്ചായത്തിലെ 16ാം വാര്‍ഡില്‍ ‘കതിര്‍’ കര്‍ഷക കൂട്ടായ്മയുടെ നേതൃത്വത്തില്‍ കൃഷി ചെയ്ത തണ്ണിമത്തൻ പാടമാണ് രാത്രിയുടെ മറവില്‍ നശിപ്പിക്കപ്പെട്ടത്. കർഷകരുടെ മാസങ്ങളോളം നീണ്ട അധ്വാനമാണ് ഒറ്റരാത്രികൊണ്ട് ഇല്ലാതായത്. പ്രദേശത്തെ എട്ട് പേര്‍ ചേര്‍ന്ന് അഞ്ച് വര്‍ഷം മുന്‍പാണ് ‘കതിര്‍’ എന്ന കൂട്ടായ്മ രൂപീകരിച്ചത്. തുടക്കത്തില്‍ അഞ്ച് ഏക്കര്‍ സ്ഥലത്ത് നെല്‍കൃഷിയാണ് ഇവര്‍ ആരംഭിച്ചത്. ഈ വര്‍ഷം നെല്ല് വിളവെടുത്ത ശേഷം മുപ്പതോളം ഇനം പച്ചക്കറികളും മറ്റ് വിളകളും കൃഷി ചെയ്തു. ഇതിനുപിന്നാലെയാണ് തണ്ണിമത്തന്‍ കൃഷി ചെയ്തത്. കഠിനാധ്വാനത്തിലൂടെ വിളവെടുപ്പിന് പാകമായപ്പോഴാണ് ഈ ദൗർഭാഗ്യകരമായ സംഭവം ഉണ്ടായിരിക്കുന്നത്.
ആക്രമണത്തിന് പിന്നിൽ ആരാണെന്നതിൽ കർഷകർക്കും നാട്ടുകാർക്കും ഒരുപോലെ ആശയക്കുഴപ്പമുണ്ട്. കാട്ടുപന്നി ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങളുടെ ആക്രമണമാകാം എന്നാണ് ഒരു വിഭാഗത്തിന്റെ സംശയം. എന്നാല്‍ ഇത് പൂർണ്ണമായി സ്ഥിരീകരിക്കാന്‍ കർഷകർക്ക് കഴിഞ്ഞിട്ടില്ല. ഈ പ്രദേശത്തിന് തൊട്ടടുത്തുള്ള വീട്ടില്‍ കഴിഞ്ഞ ദിവസം സാമൂഹ്യവിരുദ്ധര്‍ അതിക്രമം നടത്തിയിരുന്നു. ഇത് നാട്ടുകാരുടെയും കർഷകരുടെയും ഇടയിൽ വലിയ സംശയങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. വലിയ മുതൽമുടക്കോടെ നടത്തിയ കൃഷി നശിച്ചത് കർഷകരെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. സംഭവത്തിൽ അധികൃതർ ഇടപെട്ട് അന്വേഷണം നടത്തണമെന്നാണ് കൂട്ടായ്മ അംഗങ്ങളുടെ ആവശ്യം