
അർജന്റീനയിൽ നിന്നും യാത്ര തിരിച്ച എം.വി ഹോണ്ടിയസ് എന്ന വിനോദസഞ്ചാര കപ്പലിലാണ് ഹാൻറ്റാ വൈറസ് സാന്നിധ്യം കണ്ടെത്തിയത്. കപ്പലിലുണ്ടായിരുന്ന 23 രാജ്യങ്ങളിൽ നിന്നുള്ള 149 യാത്രക്കാരും ക്രൂ അംഗങ്ങളും നിലവിൽ കടുത്ത നിയന്ത്രണത്തിലാണ്. ഏപ്രിൽ 11-ന് ഒരു ഡച്ച് യാത്രക്കാരൻ കപ്പലിൽ വെച്ച് മരിച്ചെങ്കിലും മരണകാരണം വ്യക്തമായിരുന്നില്ല. പിന്നീട് ഏപ്രിൽ 24-ന് ഇയാളുടെ ഭാര്യയും സമാന സാഹചര്യത്തിൽ മരിച്ചതോടെയാണ് സംഭവം ഗൗരവമായത്.
ഏപ്രിൽ 27-ന് ദക്ഷിണാഫ്രിക്കയിൽ ഇറക്കിയ മറ്റൊരു യാത്രക്കാരനിലാണ് ആദ്യമായി ഹാൻറ്റാ വൈറസിന്റെ ‘ആൻഡീസ് സ്‌ട്രെയിൻ’ സ്ഥിരീകരിച്ചത്. മെയ് 2-ന് കപ്പലിൽ മൂന്നാമത്തെ മരണവും റിപ്പോർട്ട് ചെയ്തു. കപ്പലിൽ രണ്ട് ഇന്ത്യക്കാർ ഉണ്ടെന്ന് വ്യക്തമായിട്ടുണ്ടെങ്കിലും ഇവരുടെ ആരോഗ്യനില സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ ക്രൂ അധികൃതർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. എലികളുടെ ഉണങ്ങിയ വിസർജ്യങ്ങൾ, മൂത്രം എന്നിവയിൽ നിന്നുള്ള പൊടി വായുവിലൂടെ ശ്വസിക്കുന്നതിലൂടെയാണ് വൈറസ് മനുഷ്യരിലെത്തുന്നത്. രോഗബാധിതരുമായി അടുത്ത സമ്പർക്കം പുലർത്തുന്നവരിലേക്കും രോഗം പടരാം. വൈറസ് ശരീരത്തിലെത്തിയാൽ ഒന്ന് മുതൽ എട്ട് ആഴ്ചകൾക്കുള്ളിൽ ലക്ഷണങ്ങൾ കണ്ടുതുടങ്ങും.
സംഭവത്തെക്കുറിച്ച് ലോകാരോഗ്യ സംഘടന (WHO) അടിയന്തര റിപ്പോർട്ട് തേടിയിട്ടുണ്ട്. രോഗബാധിതരായ മൂന്ന് പേരെ ഇതിനോടകം എയർ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി. മെയ് 11-ന് കപ്പൽ സ്പെയിനിലെ കാനറി ഐലൻഡിൽ അടുക്കുമ്പോൾ എല്ലാ യാത്രക്കാരെയും പുറത്തെത്തിച്ച് കർശനമായ വൈദ്യപരിശോധനയ്ക്കും നിരീക്ഷണത്തിനും വിധേയമാക്കും.