വിശ്രമിക്കൂ പ്രിയ സഖാവേ…”; പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയണമെന്ന് തോമസ് ഐസകിന്റെ മുൻ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി


ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ സിപിഐഎമ്മിൽ നേതൃമാറ്റത്തിനായുള്ള ആവശ്യങ്ങളും പരസ്യ പ്രതികരണങ്ങളും ശക്തമാകുന്നു. പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്നും ഒഴിഞ്ഞ് വിശ്രമിക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ട് മുൻ ധനമന്ത്രി ഡോ. തോമസ് ഐസകിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ഗോപകുമാർ മുകുന്ദൻ രംഗത്തെത്തി. “വിശ്രമിക്കൂ പ്രിയ സഖാവേ, നമ്മുടെ കാലശേഷവും ഇടതുപക്ഷം വേണമല്ലോ” എന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ കുറിച്ചു. പിണറായി വിജയൻ സർക്കാരിൽ അഡീഷണൽ സെക്രട്ടറിയും നിലവിൽ സിപിഐഎം ആലപ്പുഴ ജില്ലാ കമ്മിറ്റിക്ക് കീഴിലെ അഭിഭാഷക ബ്രാഞ്ച് അംഗവുമാണ് ഗോപകുമാർ മുകുന്ദൻ. പാർട്ടിക്കുള്ളിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നുള്ള ഈ പ്രതികരണം രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.

Politics

ഗോപകുമാർ മുകുന്ദന്റെ ഫേസ്ബുക്ക് കുറിപ്പ്…..

“ഇന്ന് സഖാവ് പിണറായി വിജയൻ ഏതോ ഒരു യോഗത്തിൽ പ്രസംഗിക്കാൻ വരുന്ന വിഷ്വൽസ് കണ്ടു. ഇടുങ്ങിയ പോഡിയത്തിന്റെ പ്രയാസം പറയുകയാണ് പിണറായി. അടി പിന്നോട്ട് വച്ചാൽ വീഴും. ഈ സ്ഥിതി ഒഴിവാക്കി സഖാവ് പിണറായി വിജയൻ വിശ്രമിക്കുകയല്ലേ വേണ്ടത്? നമ്മുടെ കാലശേഷവും ഇടതുപക്ഷം വേണമല്ലോ. വിശ്രമിക്കൂ പ്രിയ സഖാവേ.”

ആലപ്പുഴയിൽ നിന്നുള്ള പരസ്യ പ്രതികരണങ്ങൾക്ക് പുറമെ, സിപിഐഎം എറണാകുളം ജില്ലാ കമ്മിറ്റി യോഗത്തിലും പിണറായി വിജയന്റെ പ്രതിപക്ഷ നേതൃസ്ഥാനത്തിനെതിരെ കടുത്ത വിമർശനങ്ങളാണ് ഉയർന്നത്. പിണറായി വിജയൻ പ്രതിപക്ഷ നേതാവായി തുടരുന്നത് പൊതുസമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും പാർട്ടി നേതൃത്വം ഈ തീരുമാനം അടിയന്തരമായി തിരുത്തണമെന്നും ജില്ലാ കമ്മിറ്റി അംഗങ്ങൾ ആവശ്യപ്പെട്ടു. പാർട്ടിയുടെ പ്രധാനപ്പെട്ട നേതാക്കളെല്ലാം ജനങ്ങളെ മറന്ന് ആഢംബരത്തിൽ അഭിരമിക്കുകയാണെന്ന് യോഗത്തിൽ വിമർശനമുയർന്നു. പാർട്ടിയുടെ പരമ്പരാഗതമായ രീതിയും ശൈലിയും പൂർണ്ണമായും നഷ്ടപ്പെട്ടു കഴിഞ്ഞു.നേതാവ്’ എന്ന് പൊതുജനങ്ങൾക്ക് മുന്നിൽ ധൈര്യത്തോടെ കാണിക്കാൻ പറ്റിയ ഒരാൾ പോലും ഇപ്പോഴില്ല. എല്ലാവർക്കും അവരവരുടെ കാര്യങ്ങളിൽ മാത്രമാണ് താല്പര്യം. എല്ലാ കാലത്തും ജനങ്ങളെ പറ്റിക്കാനാവില്ലെന്നും, ജനങ്ങളുമായി അടുപ്പമില്ലാത്തവരെ ജനങ്ങളും കൈവിടുമെന്നതിന്റെ നല്ല ഉദാഹരണമാണ് ഈ തിരഞ്ഞെടുപ്പ് പരാജയമെന്നും അംഗങ്ങൾ കുറ്റപ്പെടുത്തി. ഇപ്പോഴത്തെ അവസ്ഥയിൽ നിന്നും പാർട്ടിയുടെ ഒരു വീണ്ടെടുപ്പ് വരും നാളുകളിൽ വളരെ പ്രയാസകരമായിരിക്കുമെന്നും എറണാകുളം ജില്ലാ കമ്മിറ്റിയിലെ അംഗങ്ങൾ ആശങ്ക പ്രകടിപ്പിച്ചു. താഴെത്തട്ടിൽ നിന്നും ഉയർന്നുവരുന്ന ഈ അതൃപ്തി വരും ദിവസങ്ങളിൽ പാർട്ടിയിൽ വലിയ പൊട്ടിത്തെറികൾക്ക് കാരണമായേക്കും.

Previous Post Next Post