ഇടുക്കിയിൽ പശു മോഷണത്തിന് പ‍ഞ്ചായത്ത് അം​ഗത്തിന്റെ ഭർത്താവ് അറസ്റ്റിൽ


ഇടുക്കി: പശുക്കളെ മോഷ്ടിച്ച് കടത്തിവന്നിരുന്ന മോഷ്ടാവ് അറസ്റ്റിൽ. ഇടുക്കി തൊടുപുഴയിലാണ് സംഭവം. വണ്ണപ്പുറം സ്വദേശിയും പഞ്ചായത്ത് പ്രസിഡന്റായ മുസ്ലിം ലീ​ഗ് അം​ഗത്തിന്റെ ഭർത്താവായ മുഹമ്മദ് നിയാസാണ് അറസ്റ്റിലായത്. നൂറിലധികം സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്. മോഷ്ടിച്ച രണ്ട് പശുക്കളെ പാലക്കാടുള്ള കാലിച്ചന്തയിൽ വിറ്റുവെന്ന് പ്രതി സമ്മതിച്ചു.
തൊടുപുഴയിൽ പശുമോഷണം സ്ഥിരസംഭവമാണ്. പലപ്പോഴും കർഷകർ പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും പരിഹാരം ഉണ്ടായിരുന്നില്ല. അതിനിടെയാണ് തൊടുപുഴയിൽ രണ്ട് പശുക്കളെ കാണാതായെന്ന് ചൂണ്ടിക്കാട്ടി കർഷകർ പരാതി നൽകിയത്. തുടർന്ന് തൊടുപുഴ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മുഹമ്മദ് നിയാസിലേക്ക് അന്വേഷണം എത്തിയത്.
മോഷ്ടിച്ച പശുക്കൾ ​ഗർഭിണിയായിരുന്നു. പശുക്കളെ വിറ്റ പണം പ്രതിയുടെ വീട്ടിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. പശുക്കളെ പാലക്കാട് എത്തിക്കുന്നതിന് ഉപയോ​ഗിച്ച വാഹനവും പൊലീസ് പിടികൂടി.
ബന്ധപ്പെട്ട വാർത്തകൾ

ഇയാളെ മോഷണം നടന്ന സ്ഥലങ്ങളിൽ എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി. സമീപപ്രദേശങ്ങളിലെ പശുക്കളെ മോഷ്ടിച്ചതും നിയാസ് തന്നെയാണെന്ന സംശയം നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ കൂടുതൽ ചോദ്യം ചെയ്യൽ നടത്തും.


أحدث أقدم