സ്കൂൾ വാഹനത്തിലെ ജീവനക്കാർക്ക് പുതിയ നിബന്ധനയുമായി വിദ്യാഭ്യാസ വകുപ്പ്


സ്കൂൾ വാഹനത്തിലെ ജീവനക്കാർക്ക് ഇനി മുതൽ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധം. പുതിയ നിർദേശവുമായി വിദ്യാഭ്യാസ വകുപ്പ്. ക്രിമിനൽ പശ്ചാത്തലമുള്ളവരെ ഒഴിവാക്കണമെന്നും നിർദേശം ലംഘിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശത്തിൽ പറയുന്നു.

മയക്കുമരുന്ന് ഉപയോഗിക്കൽ, മദ്യപിച്ച് വാഹനമോടിക്കൽ, ഗുരുതര ട്രാഫിക് നിയമലംഘന കേസുകളിൽ ഉൾപ്പെട്ടവർ എന്നിങ്ങനെയുള്ളവരെ നിയോഗിക്കരുതെന്നാണ് വിദ്യാഭ്യാസ വകുപ്പ് നൽകുന്ന നിർദേശം. ഡ്രൈവർമാർക്ക് കുറഞ്ഞത് 10 വർഷത്തെ പ്രവൃത്തി പരിചയം വേണമെന്ന നിബന്ധന പാലിക്കുന്നുവെന്ന് സ്കൂൾ അധികൃതർ ഉറപ്പുവരുത്തണമെന്നും ഉത്തരവിൽ പറയുന്നു. സ്കൂൾ കുട്ടികളുമായി പോകുന്ന വാഹനങ്ങളുടെ ഫിറ്റ്‌നസ് മൂന്ന് മാസത്തിലൊരിക്കൽ മോട്ടോർ വാഹന വകുപ്പ് പരിശോധിക്കണമെന്നും പറയുന്നു.എൽ.കെ.ജി, യു.കെ.ജി, പ്രമൈമറി തലത്തിലുള്ള കുട്ടികൾ യാത്ര ചെയ്യുന്ന ബസുകളിൽ പരിശീലനം ലഭിച്ച വനിത അറ്റൻഡർമാരുടെ സാന്നിധ്യം ഉറപ്പാക്കണം. കുട്ടികളുടെ മാനസികാവസ്ഥ കൈകാര്യം ചെയ്യൽ, അപകടങ്ങൾ ഉണ്ടാകുന്ന പക്ഷം പ്രാഥമിക ശുശ്രൂഷ നൽകൽ തുടങ്ങിയ അടിയന്തര സാഹചര്യങ്ങളിലെ പരിചരണം എന്നീ വിഷയങ്ങളിൽ ജീവനക്കാർക്ക് പരിശീലനം ഉറപ്പുവരുത്തണമെന്നും വകുപ്പ് നിർദേശിക്കുന്നു.


അധ്യയന വർഷത്തിനിടയിൽ ജീവനക്കാർ ജോലി നിർത്തിപ്പോകുന്ന സാഹചര്യം കുറക്കാൻ ഒരു അധ്യയന വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തണമെന്നും ഉത്തരവിൽ പറയുന്നു.

Previous Post Next Post