
തിരുവനന്തപുരം: നിയസഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സഖ്യം കനത്ത തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ ആദ്യ പ്രതികരണവുമായി മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. ജനവിധിയെ ആദരവോടെ സ്വീകരിക്കുന്നുവെന്നും എല്‍ഡിഎഫിന് പിന്തുണ നല്‍കിയ ജനങ്ങള്‍ക്ക് തങ്ങള്‍ നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ഈ ജനവിധി എല്‍ഡിഎഫിന് ഒരു അവസാനമല്ല, മറിച്ച് രാഷ്ട്രീയമായ പ്രവര്‍ത്തനത്തിനുള്ള പുതിയ തുടക്കാമാണ്. ജനങ്ങളുടെ വിശ്വാസം മെച്ചപ്പെട്ട നിലയില്‍ വീണ്ടെടുക്കാന്‍ ശക്തമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
എല്‍ഡിഎഫിനുവേണ്ടി പതിനായിരക്കണക്കിന് പ്രവര്‍ത്തകരാണ് ഈ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ അഹോരാത്രം ഏറ്റെടുത്തത്. അവരെ ആകെ അഭിവാദ്യം ചെയ്യുന്നു. എല്‍ഡിഎഫിനെ എതിര്‍ത്ത യുഡിഎഫ്, ബിജെപി, ചില മാധ്യമങ്ങളുടെ നിലപാട് ഇവയെല്ലാം ചേര്‍ന്നുണ്ടാക്കിയ രാഷ്ട്രീയ സാഹചര്യത്തിലാണ് ഈ ഫലം ഉണ്ടായതെന്നും നുണക്കഥകളും കോര്‍പ്പറേറ്റ് – പിആര്‍ ബുദ്ധിശാലകളില്‍ ഉരുത്തിരിഞ്ഞ വ്യാജപ്രചരണങ്ങളും പിന്നോട്ടടിക്കില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ ചൂണ്ടിക്കാട്ടി.