പ്രിയങ്കയുടെ ഓഫീസിന് മുന്നിലും പോസ്റ്റർ, ലക്ഷ്യത്തിൽ സംശയിച്ച് ഗ്രൂപ്പുകൾ…




മുഖ്യമന്ത്രി തർക്കം രൂക്ഷമാകുന്നതിനിടെ ഹൈക്കമാൻഡിനും രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ കേരളത്തിലുയരുന്ന പോസ്റ്റർ പ്രതിഷേധത്തിന്‍റെ ഉദ്ദേശലക്ഷ്യത്തിൽ ആശയകുഴപ്പം. ഹൈക്കമാൻഡിനെ സമ്മർദ്ദത്തിൽ ആക്കാൻ ഉള്ള വി ഡി ഗ്രൂപ്പിന്‍റെ നീക്കം എന്നാണ് കെ സി ക്യാമ്പിന്‍റെ സംശയം. ഗാന്ധി കുടുംബത്തെ സതീശന് എതിരാക്കാൻ ഉള്ള നീക്കമെന്നാണ് വി ഡി ഗ്രൂപ്പിന്‍റെ സംശയം. പ്രിയങ്ക ഗാന്ധിയുടെ മണ്ഡലത്തിലാണ് ഹൈക്കമാൻഡിനെതിരെ പോസ്റ്റർ പ്രതിഷേധം എന്നത് നേതൃത്വം ഗൗരവത്തോടെയാണ് കാണുന്നത്.

കെ സി വേണുഗോപാലിന്‍റെ പേര് എടുത്തുപറഞ്ഞുകൊണ്ടാണ് കൽപ്പറ്റയിലും കോഴിക്കോട് മുക്കത്തും രാഹുലിനും പ്രിയങ്കക്കുമെതിരെ ഇംഗ്ലിഷിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. വയനാട് ഡി സി സി ഓഫീസിന് സമീപമാണ് ആദ്യം പോസ്റ്ററുകൾ കണ്ടത്. പിന്നാലെ മുക്കം നോർത്ത് കാരശ്ശേരിയിലെ പ്രിയങ്ക ഗാന്ധിയുടെ ഓഫിസിനു മുന്നിലും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. മുഖ്യമന്ത്രി സ്ഥാനത്ത് എ ഐ സി സി സംഘടന ജനറൽ കെ സി വേണുഗോപാലിനെ പിന്തുണച്ചാൽ കേരളത്തിലെ ജനങ്ങൾ മാപ്പ് തരില്ലെന്നും, വയനാട് ഇനി അടുത്ത അമേഠിയായി മാറുമെന്നുമാണ് പോസ്റ്ററുകൾ മുന്നറിയിപ്പ് നൽകുന്നത്.ഹൈക്കമാൻഡ് കെ സിയെ പ്രഖ്യാപിച്ചാൽ പ്രതിഷേധം ശക്തമാകുമെന്നാണ് പോസ്റ്റർ രോഷപ്രകടനം നൽകുന്ന സൂചന.

Previous Post Next Post