
കോട്ടയം: കേരള നിയമസഭയുടെ 25-ാമത് സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഒരു കാലഘട്ടത്തിന്റെ ഓർമ്മ പുതുക്കലിനാണ് താൻ ഇവിടെയെത്തിയതെന്ന് കല്ലറ സന്ദർശനത്തിന് ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ദിവസം അദ്ദേഹം ഉമ്മൻ ചാണ്ടിയുടെ വസതിയിലെത്തി കുടുംബാംഗങ്ങളെയും കണ്ടിരുന്നു.
പുതിയൊരു കാഴ്ചപ്പാടോടെയാണ് കാര്യങ്ങളെ സമീപിക്കുന്നതെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ വ്യക്തമാക്കി. ഭരണഘടനാപരമായ കാര്യങ്ങൾ തികഞ്ഞ ഉത്തരവാദിത്തത്തോടെ നിർവഹിക്കും. നിയമസഭയിലെത്തിയ 71 പുതുമുഖ എംഎൽഎമാരെ സഭാ കാര്യങ്ങളിൽ കൂടുതൽ പ്രാപ്തരാക്കുന്നതിനായിരിക്കും തന്റെ പ്രത്യേക പരിഗണനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോട്ടയം എംഎൽഎയായ തിരുവഞ്ചൂർ രാധാകൃഷ്ണൻ ശക്തമായ ഭൂരിപക്ഷത്തോടെയാണ് സ്പീക്കർ പദവിയിലെത്തിയത്. 101 വോട്ടുകളാണ് തിരുവഞ്ചൂരിന് ലഭിച്ചത്. എൽഡിഎഫ് സ്ഥാനാർത്ഥിയായ എ.സി. മൊയ്തീന് 35 വോട്ടും ബിജെപി സ്ഥാനാർത്ഥി ബി.ബി. ഗോപകുമാറിന് 3 വോട്ടും ലഭിച്ചു.