തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഖജനാവ് പൂർണ്ണമായും കാലിയാക്കിയിട്ടാണ് പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. എന്തിനുവേണ്ടിയാണ് കഴിഞ്ഞ സർക്കാർ ഇത്രയും പണം ചെലവാക്കിയതെന്നും, ഇത് സംസ്ഥാനത്തിന്റെ പുരോഗതിക്കുവേണ്ടി ആയിരുന്നില്ല എന്നത് വ്യക്തമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
അഴിമതിയും കൊള്ളയും മാത്രം നടത്തിയ സർക്കാരാണ് കഴിഞ്ഞ അഞ്ച് വർഷം ഇവിടെ ഭരിച്ചത്. മുൻ ഭരണത്തിൽ നടന്ന ഓരോ അഴിമതിയും എൽ.ഡി.എഫ് സർക്കാരിന്റെ കാലത്തെ വഴിവിട്ട ഇടപാടുകളും പുതിയ യു.ഡി.എഫ് സർക്കാർ കൃത്യമായി അന്വേഷിച്ച് പുറത്തുകൊണ്ടുവരും. നിയമനടപടികൾ ഇനിയും വരാനിരിക്കുന്നതേയുള്ളൂവെന്നും അദ്ദേഹം എൽ.ഡി.എഫ് നേതാക്കൾക്ക് മുന്നറിയിപ്പ് നൽകി. സംസ്ഥാനത്ത് നിലവിൽ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ഉണ്ട്. എന്നാൽ ഇതിന്റെ പേരിൽ സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ ഒന്നും തന്നെ തടഞ്ഞു വയ്ക്കില്ല. പുതിയ യു.ഡി.എഫ് സർക്കാർ അധികാരമേറ്റ് പത്തുദിവസം തികയുന്നതിനു മുൻപ് തന്നെ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ള സമരങ്ങൾ പ്രതിപക്ഷം ആരംഭിച്ചിരിക്കുകയാണെന്നും മന്ത്രി പരിഹസിച്ചു.
കൊച്ചിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർക്ക് നേരെ ഇടതുപക്ഷ പ്രവർത്തകർ നടത്തിയ അതിക്രമത്തോടും ആഭ്യന്തര മന്ത്രി ശക്തമായ ഭാഷയിൽ പ്രതികരിച്ചു. ഇ.ഡി അന്വേഷിക്കാൻ തീരുമാനിച്ചത് യു.ഡി.എഫ് സർക്കാരാണോ എന്ന് ചോദിച്ച ചെന്നിത്തല, അന്വേഷണങ്ങളെ ഭയപ്പെടാതെ നിയമപരമായാണ് നേരിടേണ്ടതെന്നും വ്യക്തമാക്കി. നിയമപരമായി നേരിടുന്നതിന് പകരം കേന്ദ്ര ഏജൻസികൾക്ക് നേരെ അക്രമം അഴിച്ചുവിട്ടത് എന്തിനാണെന്ന് അദ്ദേഹം ചോദിച്ചു. ഇ.ഡി ഉദ്യോഗസ്ഥർ റെയ്ഡിനായി എത്തിയപ്പോൾ ആഭ്യന്തര വകുപ്പിനെയോ ലോക്കൽ പോലീസിനെയോ മുൻകൂട്ടി അറിയിച്ചിരുന്നില്ല. റെയ്ഡ് കഴിഞ്ഞ് ഇറങ്ങിപ്പോകാൻ നേരവും അവർ വിവരം നൽകിയില്ല. ഉദ്യോഗസ്ഥർ വന്നതും പോയതും പൊലീസുകാർ അറിയാത്ത സാഹചര്യത്തിൽ അവർക്ക് എങ്ങനെ മുൻകൂട്ടി സംരക്ഷണം നൽകുമെന്നും ചെന്നിത്തല ചോദിച്ചു.
സംസ്ഥാനത്ത് നടന്നത് ഏറ്റവും ദൗർഭാഗ്യകരമായ സംഭവമാണ്. ഇ.ഡിക്ക് നേരെ നടന്നത് ആസൂത്രിതമായ ആക്രമണമാണ്. നാട്ടിൽ വലിയൊരു കലാപമുണ്ടാക്കാനായിരുന്നു അക്രമികളുടെ ശ്രമം. എന്നാൽ പോലീസ് കടുത്ത സമചിത്തതയോടെ പെരുമാറണമെന്ന് ആഭ്യന്തരമന്ത്രി എന്ന നിലയിൽ താൻ നേരിട്ട് കർശന നിർദ്ദേശം നൽകിയിരുന്നു. അതുകൊണ്ട് മാത്രമാണ് സംസ്ഥാനത്ത് വലിയൊരു കലാപം ഒഴിവായത്. അക്രമവുമായി ബന്ധപ്പെട്ട് ഇതിനകം 22 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അക്രമത്തിന് പിന്നിൽ പ്രവർത്തിച്ച ഉത്തരവാദികളായ എല്ലാവരെയും വരും ദിവസങ്ങളിൽ പിടികൂടും. അധികാരം നഷ്ടപ്പെട്ടതിന്റെ വിഷമം അക്രമം കാണിച്ച് തെരുവിൽ തീർക്കാനാണ് സി.പി.ഐ.എം ശ്രമിക്കുന്നതെങ്കിൽ അത് വെച്ചുപൊറുപ്പിക്കില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.