മഴ പോലെ വന്ന അതിഥി; തിരുവനന്തപുരം അമ്മത്തൊട്ടിലിൽ ഒരു ദിവസം പ്രായമുള്ള ചോരക്കുഞ്ഞ്, പേര്…


കനത്ത പെയ്തിറങ്ങിയ വെള്ളിയാഴ്ച വൈകുന്നേരമാണ് തലസ്ഥാനത്തെ അമ്മത്തൊട്ടിലിലേക്ക് ആ പുതിയ അതിഥി എത്തിയത്. വെറും ഒരു ദിവസം മാത്രം പ്രായവും 3.25 കിലോഗ്രാം തൂക്കവുമുള്ള ഒരു ആൺകുഞ്ഞ്. കനത്ത മഴയ്ക്കിടയിൽ എത്തിയ ആ കുരുന്നിന് സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അഡ്വ. ജി. എൽ. അരുൺ ഗോപി ഒരു സുന്ദരമായ പേരിട്ടു— ‘മേഘ്മൽഹാർ’ (മഴയ്ക്കായി പാടുന്ന പ്രശസ്തമായ ഹിന്ദുസ്ഥാനി രാഗം). ഈ വർഷം തിരുവനന്തപുരം അമ്മത്തൊട്ടിലിൽ ലഭിക്കുന്ന ഏഴാമത്തെ കുഞ്ഞാണിത്.

ജനറൽ സെക്രട്ടറി ഉൾപ്പടെ സമിതി ആസ്ഥാനത്ത് ഉള്ള സമയത്താണ് തൊട്ടിലിൽ നിന്ന് നഴ്‌സിംഗ് സ്റ്റേഷനിലും സുരക്ഷാ ക്യാബിനിലും പുതിയ അതിഥിയുടെ വരവറിയിച്ച് അലാറം മുഴങ്ങിയത്. ഒപ്പം ദത്തെടുക്കൽ കേന്ദ്രത്തിൽ സ്ഥാപിച്ചിട്ടുള്ള മോനിട്ടറിൽ ചോരക്കുഞ്ഞ് അമ്മത്തൊട്ടിലിൽ എത്തിയതിൻ്റെ ചിത്രവും തെളിഞ്ഞു. ജനറൽ സെക്രട്ടറി അരുൺ ഗോപിയും ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നഴ്സുമാരും സംരക്ഷണ ചുമതലയുണ്ടായിരുന്നവരും ഓടിയെത്തി കുരുന്നിനെ ശിശു പരിചരണ കേന്ദ്രത്തിൽ എത്തിച്ച് പ്രാഥമിക നിരീക്ഷണം നടത്തി. തുടർന്ന് തൈക്കാട് കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയിൽ എത്തിച്ചു. ഡോക്ടർമാരുടെ സംഘം പരിശോധിച്ചപ്പോൾ കുഞ്ഞ് പൂർണ്ണ ആരോഗ്യവാനാണ്.
أحدث أقدم