അമ്മ’യിൽ വീണ്ടും വൻ പൊട്ടിത്തെറി…. ടിനി ടോമിനെതിരായ പരാതിയിൽ കടുത്ത നിബന്ധനകളുമായി അൻസിബ


താരസംഘടനയായ ‘അമ്മ’യിൽ എക്സിക്യൂട്ടീവ് അംഗങ്ങളായ ടിനി ടോം, ലക്ഷ്മിപ്രിയ എന്നിവർക്കെതിരെ താൻ ഉന്നയിച്ച പരാതികൾ കേൾക്കാൻ നിഷ്പക്ഷമായ പ്രത്യേക സമിതി രൂപീകരിക്കണമെന്ന ആവശ്യവുമായി നടി അൻസിബ ഹസൻ രംഗത്ത്. അൻസിബയുടെ വെളിപ്പെടുത്തലുകളെ തുടർന്ന് സംഘടനയ്ക്കുള്ളിൽ വലിയ പൊട്ടിത്തെറികളും ചേരിതിരിവും ഉണ്ടായ പശ്ചാത്തലത്തിൽ, അവരുടെ വാദം നേരിട്ട് കേൾക്കുന്നതിനായി ‘അമ്മ’ നേതൃത്വം ഔദ്യോഗികമായി കത്ത് നൽകിയിരുന്നു.

ജൂൺ ഒന്ന് മുതൽ മൂന്ന് വരെയുള്ള തീയതികളിൽ തെളിവുകൾ സഹിതം കൊച്ചിയിലെ ‘അമ്മ’ ഓഫീസിൽ നേരിട്ട് ഹാജരാകാനായിരുന്നു എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നിർദേശം. എന്നാൽ, ഇതിന് മറുപടിയായി സംഘടനയ്ക്ക് അയച്ച ഇമെയിലിലാണ് അൻസിബ തന്റെ നിലപാടുകളും വിട്ടുവീഴ്ചയില്ലാത്ത നിബന്ധനകളും വ്യക്തമാക്കിയത്. തന്റെ പരാതി നിലവിലെ ‘അമ്മ’ എക്സിക്യൂട്ടീവ് കമ്മിറ്റിയല്ല കേൾക്കേണ്ടതെന്നും, അതിനായി പ്രത്യേക സമിതി വേണമെന്നുമാണ് അൻസിബയുടെ പ്രധാന ആവശ്യം. താൻ ആരോപണം ഉന്നയിച്ചിരിക്കുന്നത് എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ തന്നെ പ്രമുഖ അംഗങ്ങൾക്ക് എതിരെയായതിനാൽ, അവർ ഉൾപ്പെടുന്ന സമിതിക്ക് മുന്നിൽ ഹാജരായാൽ തനിക്ക് കൃത്യമായ നീതി ലഭിക്കില്ലെന്ന് അൻസിബ ചൂണ്ടിക്കാണിക്കുന്നു.തന്റെ വാദം കേൾക്കുന്നതിനായി രമേഷ് പിഷാരടി, മാലാ പാർവതി, ധ്യാൻ ശ്രീനിവാസൻ എന്നീ മൂന്നുപേരുകൾ അൻസിബ തന്നെ ഇമെയിലിലൂടെ നിർദേശിച്ചിട്ടുണ്ട്. ഇവർക്ക് ആർക്കെങ്കിലും പങ്കെടുക്കാൻ അസൗകര്യമുണ്ടെങ്കിൽ, താനുമായി ആലോചിച്ച് തനിക്ക് കൂടി പൂർണ്ണ സമ്മതമുള്ള മറ്റൊരാളെ പകരം നിയമിക്കണമെന്നും അവർ കത്തിൽ ആവശ്യപ്പെടുന്നു. പരാതി കേൾക്കുന്ന ഘട്ടത്തിൽ കടുത്ത സുതാര്യത വേണമെന്ന നിലപാടിലാണ് അൻസിബ സമിതിക്ക് മുമ്പാകെ താൻ പരാതിയും തെളിവുകളും ബോധിപ്പിക്കുന്നത് പൂർണ്ണമായും വീഡിയോയിൽ ചിത്രീകരിക്കണം. ചിത്രീകരിക്കുന്ന ആ വീഡിയോയുടെ ഒരു ഔദ്യോഗിക പകർപ്പ് തന്റെ കൈവശം വെക്കാൻ ‘അമ്മ’ അനുമതി നൽകണം. താൻ ആരോപണം ഉന്നയിക്കുന്ന ടിനി ടോമിന്റെയും ലക്ഷ്മിപ്രിയയുടെയും ഭാഗങ്ങൾ കൂടി സമിതി കൃത്യമായി കേൾക്കണം. എല്ലാ വിഭാഗം ആളുകളുടെയും വാദങ്ങൾ കേട്ട ശേഷം മാത്രമേ നീതിപൂർവമായ ഒരു അന്തിമ തീരുമാനം എടുക്കാവൂ. തനിക്ക് ജൂൺ ഒന്നാം തീയതിയോ അല്ലെങ്കിൽ ജൂൺ ഏഴാം തീയതിക്ക് ശേഷമുള്ള ഏതെങ്കിലും ഒരു ദിവസമോ മാത്രമേ നേരിട്ട് ഹാജരാകാൻ സാധിക്കൂ എന്നും അൻസിബ സംഘടനയെ അറിയിച്ചിട്ടുണ്ട്. അൻസിബ ഹസൻ ഉന്നയിച്ച ഈ കടുത്ത നിബന്ധനകളോട് ‘അമ്മ’യുടെ നിലവിലെ നേതൃത്വം എങ്ങനെ പ്രതികരിക്കുമെന്നതിനെ ആശ്രയിച്ചിരിക്കും സംഘടനയുടെ മുന്നോട്ടുള്ള നീക്കങ്ങൾ

Previous Post Next Post