മലയാള ഭാഷ അപകടാവസ്ഥയിലെന്ന് ഡോ.എന്‍ ജയരാജ്


കോട്ടയം : മറ്റു പ്രാദേശിക ഭാഷകള്‍ പ്രതിസന്ധികള്‍ നേരിടുന്നതു പോലെ മലയാള ഭാഷയും അപകടാവസ്ഥയിലാണെന്ന് മുന്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് പറഞ്ഞു. അമ്മമലയാളം ഭാഷാസ്‌നേഹ കൂട്ടായ്മയുടെ  വാര്‍ഷികവും കുടുംബ സംഗമവും കോട്ടയത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു  അദ്ദേഹം. 

വീടുകളില്‍ പോലും മലയാളത്തിന്റെ ഉപയോഗം കുറഞ്ഞു വരുന്നു. എന്നാല്‍ പ്രവാസി കുടുംബങ്ങളില്‍ മലയാള ഭാഷയുടെ ഉപയോഗം കൂടുതലാണ്. ഭാഷയെ സംരക്ഷിക്കുക എന്നത് നമ്മുടെ കടമയാണ്. ഭാഷയെ പ്രോത്സാഹിപ്പിക്കു ന്നതില്‍ സംഘടനകളും വ്യക്തികളുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

യുവതലമുറയില്‍ മലയാളത്തിന്റെ സ്വാധീനം കുറഞ്ഞു വരുന്നുവെന്ന് ജസ്റ്റിസ് കെ. നാരായണക്കുറുപ്പ് അദ്ധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. മലയാള ഭാഷയുടെ ഉത്ഭവം തമിഴ് ഭാഷയില്‍ നിന്നാണ്. നമ്മുടെ കവികളും സാംസ്‌കാരിക നായകരും ഭാഷയുടെ വളര്‍ച്ചയ്ക്ക് ഏറെ സംഭാവനകള്‍ നല്കിയിട്ടുണ്ട്. ആശാന്‍, വള്ളത്തോള്‍, ഉള്ളൂര്‍ എന്നിവരെല്ലാം ഉദാഹരണങ്ങളാണ്.
കേരളാ സഹകരണസംഘ നിയമം, വിദ്യാഭ്യാസ നിയമം എന്നിവയൊക്കെ മലയാളത്തിലാക്കാന്‍
നിയമം പാസാക്കിയിട്ടുണ്ട്. ഭാഷയെ നിലനിര്‍ത്തുക എന്നുള്ളത് ഓരോരുത്തരുടെയും കടമയാണ്. കുഞ്ചന്‍ നമ്പ്യാരും, പൂന്താനവും, അക്കിത്തവും ഭാഷയുടെ വളര്‍ച്ചയില്‍ പ്രധാന 
പങ്കുവഹിച്ചിട്ടുണ്ട്. സ്‌കൂള്‍തലം മുതല്‍ ഭാഷക്ക് പ്രാധാന്യം നല്കണമെന്നും അദ്ദേഹം പറഞ്ഞു.

അമ്മ മലയാളം ചാരിറ്റബിൾ ട്രസ്റ്റിൻ്റെ പ്രഥമ മാധ്യമ പുരസ്കാരം  ജന്മഭൂമി  ന്യൂസ് എഡിറ്റര്‍ കെ.ഡി. ഹരികുമാര്‍(പത്രം ), റിപ്പോര്‍ട്ടര്‍ ടി.വി. എക്‌സിക്യുട്ടീവ് എഡിറ്റര്‍ സ്മൃതി പരുത്തിക്കാട്(ദൃശ്യം ) എന്നിവര്‍ക്ക് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ സമർപ്പിച്ചു.  ഓക്‌സിജന്‍ ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ട് സിഇഒ ഷിജോ കെ. തോമസിന് ഉപഭോക്തൃമിത്രം പുരസ്‌കാരം സമ്മാനിച്ചു. ഡോ. ബി ജി ഗോകുലൻ, ഡോ സന്ദീപ് എസ് നായർ, ഡോ. ജി ശ്രീധരക്കുറുപ്പ്, അഭിലാഷ് പിള്ള, ഡോ . കുളപ്പട ഡി രവീന്ദ്രൻ നായർ, അനിൽ എസ് നായർ എന്നിവരും ആദരിക്കപ്പെട്ടു. 

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍ അമ്മ മലയാളം മാസികയുടെ വിശേഷാല്‍ പതിപ്പ് പ്രകാശനം ചെയ്തു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മാതൃവന്ദനം, ചലച്ചിത്ര കഥാകൃത്ത് അഭിലാഷ് പിള്ള സമാദരണ സഭ എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. അഡ്വ. എസ്. ജയസൂര്യന്‍ പിതൃവന്ദനവും എം. മധു ഗുരുവന്ദനവും ഉദ്ഘാടനം ചെയ്തു. റിട്ട. ഡിഐജി എസ് ഗോപിനാഥ് ആമുഖ പ്രഭാഷണവും ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടക്കലും നിർവഹിച്ചു. അമ്മ മലയാളം ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാൻ മധു മണിമല, സുരേഷ് ഭട്ടതിരിപ്പാട്, സിന്ധു എം നായർ, സ്മിത കൃഷ്ണാഞ്ജലി തുടങ്ങിയവര്‍ പ്രസംഗിച്ചു.
أحدث أقدم