ഇൻസ്റ്റഗ്രാം സൗഹൃദം ചെന്നെത്തിയത് ക്രൂരതയിൽ…. ഒമ്പതാം ക്ലാസുകാരിക്ക് ജ്യൂസിൽ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച പ്രതി പിടിയിൽ



        

തിരുവനന്തപുരം: ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ വീട്ടിൽ കയറി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്ത കേസിൽ പ്രതിയെ പൊലീസ് പിടികൂടി. തിരുവനന്തപുരം വിഴിഞ്ഞം പുല്ലുവിള സ്വദേശിയായ മനുവിനെയാണ് (24) മണ്ണന്തല പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടുപേർ ചേർന്നാണ് തന്നെ പീഡിപ്പിച്ചതെന്നാണ് അതിജീവിതയായ പെൺകുട്ടി പൊലീസിന് മൊഴി നൽകിയിരിക്കുന്നത്

ബന്ധുവീട്ടിൽ വെച്ചാണ് പെൺകുട്ടി പ്രതിയായ മനുവിനെ പരിചയപ്പെടുന്നത്. പിന്നീട് ഇൻസ്റ്റാഗ്രാം വഴി ഇരുവരും സൗഹൃദം തുടരുകയായിരുന്നു. മെയ് പതിനെട്ടാം തീയതി പെൺകുട്ടിയുടെ വീട്ടിൽ ആളില്ലാത്ത സമയം നോക്കിയാണ് മനുവും സുഹൃത്തും ഇവിടെയെത്തിയത്. തുടർന്ന് പെൺകുട്ടിക്ക് ജ്യൂസ് നൽകി മയക്കിയ ശേഷമായിരുന്നു ഇവർ ക്രൂരതയ്ക്ക് ഇരയാക്കിയത്. പീഡനത്തിന് ഇരയായ വിവരം പെൺകുട്ടി തന്നെയാണ് ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ അറിയിച്ചത്. തുടർന്ന് സിഡബ്ല്യുസി നിർദ്ദേശപ്രകാരം മണ്ണന്തല പോലീസ് പോക്സോ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. സംഭവത്തിൽ ഒപ്പമുണ്ടായിരുന്ന രണ്ടാമത്തെ പ്രതിയെക്കൂടി ഇനി പൊലീസിന് പിടികൂടാനുണ്ട്.


എന്നാൽ താൻ പെൺകുട്ടിയുടെ വീട്ടിൽ ഒറ്റയ്ക്കാണ് എത്തിയതെന്നും കൂടെ മറ്റാരും ഉണ്ടായിരുന്നില്ലെന്നുമാണ് പിടിയിലായ മനു പൊലീസിന് നൽകിയിരിക്കുന്ന മൊഴി. ഈ മൊഴിയിലെ വൈരുദ്ധ്യം പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്. കഴിഞ്ഞ രാത്രിയോടെ കസ്റ്റഡിയിലെടുത്ത മനുവിനെ കന്റോൺമെന്റ് എസിപിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം വിശദമായി ചോദ്യം ചെയ്തു വരികയാണ്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഒളിവിലുള്ള രണ്ടാമത്തെ പ്രതിക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്

Previous Post Next Post