എക്‌സിലും ഇൻസ്റ്റഗ്രാമിലും അതിവേഗം ജനപ്രീതി നേടിയ ഇ20 ജനതാ പാർട്ടി, ഉപഭോക്താക്കൾക്ക് എഥനോൾ കലർത്താത്ത പെട്രോൾ തിരഞ്ഞെടുക്കാനുള്ള അവകാശം ഉറപ്പാക്കണമെന്നാണ് ആവശ്യപ്പെടുന്നത്. “സ്വന്തം വാഹനത്തിന്റെ ടാങ്കിലേക്ക് എന്ത് ഇന്ധനം നിറയ്ക്കണമെന്ന് ഉപഭോക്താവാണ് തീരുമാനിക്കേണ്ടത്” എന്നതാണ് സംഘടനയുടെ പ്രധാന നിലപാട്. സോഷ്യൽ മീഡിയയിൽ വൈറലായ “ധർമേന്ദ്ര പ്രധാൻ രാജിവെച്ചു. അടുത്തത് എഥനോൾ ഗഡ്കരി” എന്ന പോസ്റ്റിലൂടെ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ എഥനോൾ നയത്തെ ലക്ഷ്യമിട്ടുള്ള വിമർശനവും ശ്രദ്ധ നേടുകയാണ്. എഥനോൾ കലർത്തിയ പെട്രോൾ രാജ്യത്തിന് അനിവാര്യമാണെന്ന കേന്ദ്രസർക്കാരിന്റെ നിലപാടിനെതിരെയാണ് ഈ പ്രചാരണമെന്ന് വിലയിരുത്തപ്പെടുന്നു.
അതേസമയം, തങ്ങൾ ഒരു രാഷ്ട്രീയ പാർട്ടിയല്ലെന്നും ഉപഭോക്തൃ അവകാശങ്ങൾക്കായുള്ള ഡിജിറ്റൽ മുന്നേറ്റമാണെന്നും ഇ20 ജനതാ പാർട്ടി വ്യക്തമാക്കുന്നു. മുമ്പ് സോഷ്യൽ മീഡിയയിൽ വലിയ തരംഗം സൃഷ്ടിച്ച കോക്ക്രോച്ച് ജനത പാർട്ടിയും സമാനമായ രീതിയിൽ തന്നെ സ്വയം ഒരു ഡിജിറ്റൽ പ്രസ്ഥാനമായാണ് വിശേഷിപ്പിച്ചിരുന്നത്. രാജ്യത്ത് ഉപയോഗിക്കുന്ന ഇ20 പെട്രോൾ സുരക്ഷിതവും പരിസ്ഥിതി സൗഹൃദവുമാണെന്ന് കേന്ദ്ര സർക്കാർ ആവർത്തിക്കുന്ന സാഹചര്യത്തിൽ, ഈ ഓൺലൈൻ പ്രചാരണത്തിന് എന്ത് തരത്തിലുള്ള സ്വാധീനം ഉണ്ടാകുമെന്നതാണ് ശ്രദ്ധേയമായ ചോദ്യം. പ്രചാരണത്തിന്റെ ആദ്യഘട്ടമായി ആഗസ്റ്റ് 4-ന് ടാക്സി, ടൂറിസ്റ്റ്, വാണിജ്യ വാഹന ഉടമകൾ പാർലമെന്റിലേക്ക് മാർച്ച് നടത്തണമെന്ന് ഇ20 ജനതാ പാർട്ടി എക്‌സ് അക്കൗണ്ടിലൂടെ ആഹ്വാനം ചെയ്തിട്ടുണ്ട്.