എറണാകുളം: അങ്കമാലിയിൽ വിരണ്ടോടിയ ആനയുടെ ചവിട്ടേറ്റ് ഒരാൾക്ക് ദാരുണാന്ത്യം. അങ്കമാലി കിടങ്ങൂർ മഹാവിഷ്ണു ക്ഷേത്രത്തിലാണ് സംഭവം നടന്നത്. പ്രദേശത്തുണ്ടായിരുന്ന ലോറി ഡ്രൈവർ വിഷ്ണു എന്നയാളാണ് മരിച്ചത്. ക്ഷേത്രത്തിലെത്തിച്ച ആനയെ കുളിപ്പിക്കുന്നതിനിടെയാണ് ആന വിരണ്ടോടിയത്. മയ്യനാട് അരുണിമ പാർത്ഥസാരഥി എന്ന ആനയാണ് ഇടഞ്ഞത്. തുടർന്ന് പരിഭ്രാന്തി പരത്തിയ ആനയുടെ ആക്രമണത്തിൽ ലോറി ഡ്രൈവർ വിഷ്ണു കൊല്ലപ്പെടുകയായിരുന്നു.

ആക്രമണത്തിൽ ആനയുടെ രണ്ടാം പാപ്പാന് ഗുരുതരമായി പരിക്കേറ്റു. കൊല്ലം പുത്തൻപുരയ്ക്കൽ സ്വദേശി പ്രദീപിനെ പരിക്കുകളോടെ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവസ്ഥലത്ത് ആന ഇപ്പോഴും തുടരുകയാണ്. മൃതദേഹത്തിനടുത്ത് നിലയുറപ്പിച്ചിരിക്കുന്ന ആനയെ ഇതുവരെ തളയ്ക്കാൻ കഴിഞ്ഞിട്ടില്ല. മലയാറ്റൂരിൽ നിന്നുള്ള ആർ.ആർ.ടി സംഘം ഉടൻ തന്നെ സ്ഥലത്തെത്തിച്ചേരും