കോടതി വിധിയിൽ വിട്ടുവീഴ്ചയില്ല… പാരിയത്ത് കാവിൽ സർക്കാരിന് ഹൈക്കോടതിയുടെ താക്കീത്


        

കൊച്ചി: എറണാകുളം പാരിയത്ത് കാവിലെ കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് സർക്കാരിന് കർശന നിർദേശവുമായി ഹൈക്കോടതി. കോടതി വിധി നടപ്പാക്കുകയല്ലാതെ സംസ്ഥാന സർക്കാരിന് മറ്റ് മാർഗ്ഗങ്ങളില്ലെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് വ്യക്തമാക്കി. കോടതി വിധിയെ സാങ്കേതികത്വങ്ങൾ പറയാതെ അനുസരിക്കുകയാണ് സർക്കാർ ചെയ്യേണ്ടതെന്നും കോടതി നിരീക്ഷിച്ചു. കോടതി മുമ്പാകെയുള്ള ഹർജി പരിഗണിച്ച ജസ്റ്റിസ് ടി.ആർ. രവിയുടെ ബെഞ്ചാണ് ഈ നിർണായക നിലപാട് സ്വീകരിച്ചത്. എന്നാൽ, നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി സർക്കാരിന് രണ്ടാഴ്ചത്തെ സാവകാശം വേണമെന്ന ആവശ്യം കോടതി അംഗീകരിച്ചിട്ടുണ്ട്. കേസിൽ സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് അഡ്വക്കറ്റ് ജനറൽ കോടതിയെ അറിയിച്ചു.

കോടതി വിധി കൃത്യമായി സംരക്ഷിക്കാനും നടപ്പിലാക്കാനും സർക്കാരിന് നിയമപരമായ ബാധ്യതയുണ്ട്. കുടിയൊഴിപ്പിക്കലിൽ സാങ്കേതിക കാരണങ്ങൾ നിരത്തി ഒഴിഞ്ഞുമാറാൻ ശ്രമിക്കരുത്. തർക്കഭൂമിയിൽ താമസിക്കുന്നവർക്ക് അവിടെ തുടരണമെങ്കിൽ നിയമപരമായ അവകാശം ഉണ്ടാകണം. എന്നാൽ ഭൂമിയുടെ അവകാശം സ്ഥാപിച്ചെടുക്കാൻ നിയമപരമായ വഴി തേടാനോ മറ്റ് നടപടികൾ സ്വീകരിക്കാനോ താമസക്കാരുടെ ഭാഗത്തുനിന്ന് ശ്രമങ്ങളൊന്നും ഉണ്ടായിട്ടില്ല. ഇക്കഴിഞ്ഞ മാർച്ച് 19-ന് ഹർജി പരിഗണിച്ച ഹൈക്കോടതി, ഒഴിപ്പിക്കൽ ഉത്തരവ് നടപ്പാക്കാൻ സർക്കാരിന് നിർദേശം നൽകിയിരുന്നു. എന്നാൽ ഇതിന്റെ അടിസ്ഥാനത്തിൽ അധികൃതർ ഒഴിപ്പിക്കൽ നടപടികളുമായി മുന്നോട്ട് പോയപ്പോൾ അത് വലിയ രീതിയിലുള്ള സംഘർഷത്തിലാണ് കലാശിച്ചത്. ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടായ പശ്ചാത്തലത്തിലാണ് വിഷയം വീണ്ടും കോടതിക്ക് മുന്നിലെത്തിയത്. കോടതി വിധി നടപ്പാക്കാൻ സർക്കാർ ബാധ്യസ്ഥമാണെന്ന് ആവർത്തിച്ച കോടതി, സമാധാനപരമായി പ്രശ്നം പരിഹരിച്ച് ഉത്തരവ് നടപ്പിലാക്കാൻ സർക്കാരിന് രണ്ടാഴ്ചത്തെ സമയം കൂടി അനുവദിക്കുകയായിരുന്നു.


        

أحدث أقدم