പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കിയതിൽ പുനഃപരിശോധനയില്ല…. എം.വി. ഗോവിന്ദൻ


        

തിരുവനന്തപുരം: പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്ത തീരുമാനത്തിൽ ഇനി യാതൊരുവിധ പുനഃപരിശോധനയുമില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഇത് സംസ്ഥാന കമ്മിറ്റിയുടെയും സെക്രട്ടറിയേറ്റിന്റെയും ഏകകണ്ഠമായ തീരുമാനമാണെന്നും പോളിറ്റ് ബ്യൂറോയുടെ അംഗീകാരം വാങ്ങിയതാണെന്നും അദ്ദേഹം വ്യക്തമാക്കി.

പാർട്ടി യോഗങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് വിമർശനങ്ങൾ ഉയർന്നു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ പലതും മാധ്യമസൃഷ്ടി മാത്രമാണെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു. യോഗങ്ങളിൽ നിർഭയമായി അഭിപ്രായം പറയണം എന്നാണ് സഖാക്കൾക്ക് നൽകിയിരുന്ന നിർദേശം. സിപിഐഎം സെക്രട്ടറിക്കെതിരെ പാർട്ടിയിൽ വിമർശനങ്ങൾ ഉയരുന്നതിനെ സ്വാഭാവികമായിട്ടേ കാണുന്നുള്ളൂ. ഞങ്ങളെ അല്ലാതെ പിന്നെ ആരെയാണ് പാർട്ടിയിൽ വിമർശിക്കേണ്ടത്? – എം.വി. ഗോവിന്ദൻ വ്യക്തമാക്കി.

പരിയത്തുകാവിലെ ഭൂമി ഒഴിപ്പിക്കൽ നീക്കത്തെയും എം.വി. ഗോവിന്ദൻ ശക്തമായി വിമർശിച്ചു. ആ സ്ഥലം സർക്കാർ പുറമ്പോക്ക് ഭൂമിയാണെന്ന് രേഖകളിലുള്ളതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വർഷങ്ങൾക്ക് മുമ്പ് സർക്കാർ ഓഫീസുകളെ സ്വാധീനിച്ച് വളരെ പ്രധാനപ്പെട്ട ചില ആളുകൾ ഈ ഭൂമിക്ക് വ്യാജമായി ആധാരം ഉണ്ടാക്കിയെടുക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ആ ഭൂമിയിൽ നിലവിൽ ആർക്കും പട്ടയമില്ല. അതിന്റെ ഭാഗമായിട്ടാണ് അവിടെ രണ്ടരയേക്കർ സ്ഥലത്ത് എട്ട് പട്ടികജാതി കുടുംബങ്ങൾ താമസിക്കുന്നത്. അവർക്കും പട്ടയമില്ല. ഇവർക്കെല്ലാം പട്ടയം നൽകുന്നതുമായി ബന്ധപ്പെട്ട നിയമനടപടികളിലേക്ക് വരികയായിരുന്നു. കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ പുറമ്പോക്കിൽ താമസിക്കുന്ന പാവപ്പെട്ട മുഴുവൻ ആളുകൾക്കും പട്ടയം നൽകണമെന്ന് പതിറ്റാണ്ടുകളായി മുന്നോട്ട് വെച്ച പ്രസ്ഥാനമാണ് കർഷക തൊഴിലാളി പ്രസ്ഥാനം. എന്നാൽ അവിടെ ക്രൂരമായ മർദനത്തിന് വിധേയമാക്കി ആളുകളെ ഒഴിപ്പിക്കാനാണ് ഇപ്പോൾ നീക്കം നടന്നത്. – എം.വി. ഗോവിന്ദൻ പറഞ്ഞു.

പുറമ്പോക്ക് ഭൂമിയിൽ പണിയെടുത്ത് ജീവിക്കുന്ന കുടുംബങ്ങൾക്ക് മുൻപും ഭൂമി നൽകിയിട്ടുണ്ടെന്നും, പാവപ്പെട്ടവരെ ക്രൂരമായി ഒഴിപ്പിക്കുന്ന നടപടി അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

        

أحدث أقدم