ഇനി ‘ആനവണ്ടികൾ പറപറക്കും’; കെഎസ്ആർടിസിയുടെ അന്താരാഷ്ട്ര ടൂർ പാക്കേജുകൾ വരുന്നു…





തിരുവനന്തപുരം : ബസുകളിലെ വിനോദയാത്രകളുടെ വിജയത്തിന് പിന്നാലെ ട്രെയിൻ, വിമാനം, കപ്പൽ എന്നിവ ഉൾപ്പെടുത്തി പുതിയ ടൂർ പാക്കേജുകൾ അവതരിപ്പിക്കാൻ ഒരുങ്ങി കെ.എസ്.ആർ.ടി.സി. 2021-ൽ ആരംഭിച്ച ബജറ്റ് ടൂറിസം പദ്ധതിയിലൂടെ ഓരോ വർഷവും വരുമാനം വർധിക്കുന്ന സാഹചര്യത്തിലാണ് രാജ്യത്തിനകത്തും വിദേശത്തുമായി ബജറ്റ് ടൂറിസം പദ്ധതി വ്യാപിപ്പിക്കാൻ തീരുമാനം.

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര നടപ്പാക്കിയതോടെ സാധാരണ സർവീസുകളിൽ ഉണ്ടാകുന്ന വരുമാന കുറവിന് പരിഹാരമായാണ് ടൂർ പാക്കേജുകളെ കെ.എസ്.ആർ.ടി.സി കൂടുതൽ പ്രാധാന്യത്തോടെ കാണുന്നത്. ലക്ഷദ്വീപിലേക്കുള്ള പ്രത്യേക യാത്രാ പാക്കേജുകൾ ഉടൻ ആരംഭിക്കും. കപ്പൽ മാർഗവും വിമാന മാർഗവും ഉൾപ്പെടുന്ന പാക്കേജുകളായിരിക്കും ഇത്. ജൂൺ മുതൽ തമിഴ്നാട്, ഹൈദരാബാദ് യാത്രകളും തുടങ്ങും. തുടർന്ന് കശ്മീർ ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ വിനോദയാത്രകളും പരിഗണനയിലുണ്ട്. ഈ വർഷം തന്നെ അഖിലേന്ത്യാ ടൂർ പാക്കേജ് നടപ്പാക്കാനാണ് നീക്കം.

ബജറ്റ് ടൂറിസം പദ്ധതിയിലൂടെ കഴിഞ്ഞ വർഷം കെ.എസ്.ആർ.ടി.സി. നേടിയത് 42 കോടി രൂപയാണ്. ഈ വർഷം മേയ് 17 വരെ മാത്രം 23 കോടി രൂപ വരുമാനമായി ലഭിച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 16 കോടി രൂപ മാത്രമായിരുന്നു ലഭിച്ചത്. ഗോവ, ഗവി, മൂന്നാർ, വയനാട്, കൊച്ചി കപ്പൽശാല തുടങ്ങിയ കേന്ദ്രങ്ങളിലേക്കുള്ള യാത്രകളാണ് വരുമാന വർധനവിൽ പ്രധാന പങ്കുവഹിച്ചത്.

അതേസമയം സ്ത്രീകൾക്ക് സൗജന്യ യാത്ര ഏർപ്പെടുത്തിയതിനെ തുടർന്ന് ചിലർ ടൂർ പാക്കേജ് ബുക്കിംഗിൽ നിന്ന് പിന്മാറുന്നതായും റിപ്പോർട്ടുണ്ട്. ഈ മാസം അവസാന ആഴ്ചയിലെ നിരവധി യാത്രകൾക്കിപ്പോഴും സീറ്റുകൾ ഒഴിവുണ്ട്. സംസ്ഥാനത്തെ 93 ഡിപ്പോകളിൽ 80 ഇടങ്ങളിൽ നിന്നാണ് ടൂർ പാക്കേജുകൾ പ്രവർത്തിക്കുന്നത്. യാത്രകൾക്കായി വോൾവോ, ഡീലക്സ് ബസുകൾക്കും ചെറിയ റൂട്ടുകളിൽ ഫാസ്റ്റ് പാസഞ്ചർ ബസുകൾക്കും ഉപയോഗമുണ്ട്. ഓരോ യാത്രയ്ക്കും പ്രത്യേക ഇൻഷുറൻസ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.

അന്താരാഷ്ട്ര ടൂർ പാക്കേജുകൾ ആരംഭിക്കുന്നതിനാൽ യാത്രകൾക്ക് കുറഞ്ഞത് ഒരാഴ്ച മുൻപെങ്കിലും ബുക്കിങ് പൂർത്തിയാക്കണമെന്ന് കെ.എസ്.ആർ.ടി.സി. നിർദേശിക്കുന്നു. കഴിഞ്ഞ വർഷം പത്ത് ദിവസം മുൻപേ തന്നെ ബുക്കിങ് നിറഞ്ഞിരുന്ന പല യാത്രകൾക്കും ഇക്കുറി ഏകദേശം 50 ശതമാനം സീറ്റുകൾ മാത്രമാണ് ബുക്ക് ചെയ്തിട്ടുള്ളത്.
Previous Post Next Post