
തിരുവനന്തപുരം: നവകേരള സദസ്സിനിടെ ആലപ്പുഴയിൽ വെച്ച് യൂത്ത് കോൺഗ്രസ് നേതാക്കളെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാർ ക്രൂരമായി മർദ്ദിച്ച സംഭവത്തിലെ പ്രാഥമിക അന്വേഷണം അട്ടിമറിച്ചതായി കണ്ടെത്തൽ. കേസ് അട്ടിമറിക്കാൻ ഉന്നത പോലീസ് ഉദ്യോഗസ്ഥർ ഇടപെട്ടതായി വ്യക്തമാക്കുന്ന നിർണായക മൊഴികൾ നിലവിൽ കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചു. ആദ്യഘട്ടത്തിൽ കേസ് അന്വേഷിച്ച സബ് ഇൻസ്പെക്ടറും രണ്ട് പോലീസുകാരുമാണ് ക്രമസമാധാന ചുമതലയുണ്ടായിരുന്ന ഉന്നത ഉദ്യോഗസ്ഥനെതിരെ പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നൽകിയത്.
ഗൺമാൻമാരെ സംരക്ഷിക്കുന്നതിനായി ഉന്നത ഉദ്യോഗസ്ഥന്റെ നിർദ്ദേശപ്രകാരം കേസ് ഡയറി നിർബന്ധപൂർവ്വം തിരുത്തിക്കുകയായിരുന്നുവെന്ന് പോലീസുകാർ മൊഴി നൽകി. ആദ്യ അന്വേഷണ ഉദ്യോഗസ്ഥരെ തിരുവനന്തപുരത്ത് പ്രത്യേകം താമസിപ്പിച്ചാണ് കേസ് ഡയറി ഫയലുകളിൽ തിരുത്തൽ വരുത്തിയത്. എന്നാൽ, ഉന്നതർ ഇടപെട്ട് തിരുത്തുന്നതിന് മുൻപുള്ള യഥാർത്ഥ അന്വേഷണ റിപ്പോർട്ട് എസ്ഐടി കണ്ടെത്തിയിട്ടുണ്ട്. ഈ അട്ടിമറി സംബന്ധിച്ച് പ്രത്യേക റിപ്പോർട്ട് എസ്ഐടി വൈകാതെ തന്നെ ഡിജിപിക്ക് കൈമാറും.
2023 ഡിസംബറിലാണ് കേരളത്തിൽ വലിയ രാഷ്ട്രീയ കൊടുങ്കാറ്റ് ഉയർത്തിയ സംഭവം അരങ്ങേറിയത്. നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ വെച്ച് മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഗൺമാൻമാരായ അനിൽ കുമാറും സന്ദീപ് എസും ചേർന്ന് ലാത്തികൊണ്ട് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിൽ നിന്നിറങ്ങിവന്നായിരുന്നു ഈ മർദ്ദനം. തൊട്ടടുത്ത ദിവസം, മുഖ്യമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കുക മാത്രമാണ് അവർ ചെയ്തതെന്നും അത് മർദ്ദനമല്ല, മറിച്ച് പ്രവർത്തകരെ മാറ്റാനുള്ള ഒരു രക്ഷാപ്രവർത്തനം മാത്രമാണെന്നും പറഞ്ഞ് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ഗൺമാൻമാരെ പരസ്യമായി ന്യായീകരിച്ചു. ഇതിനെതിരെ കോൺഗ്രസ് വൻ പ്രതിഷേധമുയർത്തിയെങ്കിലും പോലീസ് കേസ് എടുക്കാൻ തയ്യാറായില്ല. ഒടുവിൽ മർദ്ദനമേറ്റ നേതാക്കൾ കോടതിയെ സമീപിച്ചതിനെ തുടർന്നാണ് കോടതി ഉത്തരവ് പ്രകാരം ഗൺമാൻമാർക്കെതിരെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
യൂത്ത് കോൺഗ്രസുകാരെ മർദ്ദിച്ച ഗൺമാൻമാരുടെ നടപടി ചട്ടവിരുദ്ധവും കേരള പോലീസിന് ആകെ അവമതിപ്പുണ്ടാക്കുന്നതുമാണെന്ന് കാണിച്ച് അന്നത്തെ ആലപ്പുഴ ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോൺ പ്രത്യേക റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ ഈ സ്പെഷ്യൽ റിപ്പോർട്ട് ആഭ്യന്തര വകുപ്പ് ഇടപെട്ട് പൂഴ്ത്തുകയായിരുന്നു. ശക്തമായ റിപ്പോർട്ട് നൽകിയതിന് പിന്നാലെ ചൈത്ര തെരേസയെ ആലപ്പുഴയിൽ നിന്നും മാറ്റുകയും ചെയ്തു. ഗൺമാൻമാർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത സാഹചര്യത്തിലും ഈ റിപ്പോർട്ട് ഡിജിപിക്ക് കൈമാറാതെ പൂഴ്ത്തിവെച്ച് അനിൽ കുമാറിനെയും സന്ദീപിനെയും സർക്കാർ സംരക്ഷിക്കുകയായിരുന്നു. നിലവിൽ ഇരുവരും ഇപ്പോഴും പിണറായി വിജയനൊപ്പം തന്നെ തുടരുകയാണ്. എന്നാൽ, ഗൺമാൻമാരുടെ മർദ്ദനം ചട്ടവിരുദ്ധമാണെന്ന എസ്ഐടിയുടെ അന്തിമ റിപ്പോർട്ട് ഉടൻ തന്നെ ഡിജിപിക്ക് കൈമാറുന്നതോടെ നാല് ഗൺമാൻമാർക്കെതിരെ കടുത്ത വകുപ്പുതല നടപടികൾക്ക് വഴിയൊരുങ്ങും.